KERALAMLATEST NEWS

ലഹരിക്കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

തിരുവനന്തപുരം: ലഹരി വിതരണക്കാരുടെയും വില്പനക്കാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ എസ്.പിമാരോട് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം നിർദ്ദേശിച്ചു. ഇതിനുള്ള നടപടികൾ ഊർജ്ജിതമാക്കണം. ലഹരിപ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാം. ഇവ ലഹരി വ്യാപാരത്തിലൂടെ സമ്പാദിച്ചതല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിക്കായിരിക്കും. കരുതൽ തടങ്കലിലാക്കാനുള്ളവരുടെ പട്ടികയുണ്ടാക്കണം. അന്താരാഷ്ട്ര കൊറിയറുകൾ പതിവായെത്തുന്നത് നിരീക്ഷിക്കണം. ഡി.ജെ പാർട്ടികളിലടക്കം രഹസ്യമായി നിരീക്ഷണമുണ്ടാവണം.

സ്കൂൾ, കോളേജ് പരിസരങ്ങളിൽ ലഹരിയെത്തിക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയെടുക്കണം. ലഹരിമാഫിയയുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണം. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ സജീവമാക്കണം. ലഹരി വ്യാപാരവും ഉപയോഗവും കർശനമായി തടയണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഹരിയെത്തിക്കുന്നതിനും തടയിടണം. അന്യ സംസ്ഥാനങ്ങളിലെ പൊലീസുമായി ചേർന്ന് ഏകോപനത്തോടെ പ്രവർത്തിക്കണം. ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വിവരങ്ങൾ കൈമാറി വേഗത്തിൽ ലഹരിയിടപാടുകാരെ പിടിക്കണം.

ലഹരി, ക്രൈം കേസുകൾ ഉന്നതതല യോഗത്തിൽ അവലോകനം ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ ലഹരി പിടികൂടുന്നത് വർദ്ധിച്ചിട്ടുണ്ടെന്നും വിലയിരുത്തി. ഐ.ജി, ഡി.ഐ.ജി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം

ലഹരിക്കേസുകളിൽ പഴുതടച്ച അന്വേഷണം ഉണ്ടാവണമെന്നും എ.ഡി.ജി.പി നിർദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിമാഫിയ പിടിമുറുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ജില്ലകളിലെ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സുകൾ ശക്തിപ്പെടുത്തണം

ചെറിയ അളവിലെ ലഹരിക്കേസുകളിൽ പോലും ഉപേക്ഷ പാടില്ല. ഡിവൈ.എസ്.പിമാർ മേൽനോട്ടം വഹിക്കണം. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തിലായിരിക്കണം അന്വേഷണവും കുറ്റപത്രവും. ജനമൈത്രി, ബീറ്റ് ഓഫീസർമാർ വഴി ലഹരിക്കെതിരെ അവബോധം ശക്തിപ്പെടുത്തണം.


Source link

Related Articles

Back to top button