ഇടുക്കി പരുന്തുംപാറയിലെ കൈയേറ്റം ഒഴിപ്പിച്ചു, കുരിശു നിർമ്മാണം റവന്യുവകുപ്പ് പൊളിച്ചു നീക്കി, പ്രദേശത്ത് നിരോധനാജ്ഞ

ഇടുക്കി : ഇടുക്കി പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച കുരിശ് റവന്യു വകുപ്പ് പൊളിച്ചുമാറ്റി, പീരുമേട് തഹസീൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കുരിശ് പൊളിച്ച് മാറ്റിയത്. പ്രദേശത്ത് രണ്ടുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യു മന്ത്രി വ്യക്തമാക്കി. കോൺക്രീറ്റിൽ തീർത്ത കുരിശ് മുറിച്ചുമാറ്റാൻ മൂന്നുമണിക്കൂറോളമെടുത്തു, പൊലീസിന്റെ സഹാ.ത്തോടെയാണ് റവന്യു വകുപ്പ് കുരിശ് പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചത്. കട്ടറുകൾ ഉപയോഗിച്ചാണ് കുരിശ് പൊളിച്ചുമാറ്റിയത്. കൈയേറ്റവുമായി ബന്ധപ്പെട്ട ആദ്യ നടപടിയാണ് ഇത്. സ്ഥലത്തുണ്ടായിരുന്ന തേയിലച്ചെടികൾ പിഴുതുമാറ്റി അവിടെ വലിയ കുഴിയെടുത്താണ് കുരിശ് സ്ഥാപിച്ചത്.
ഈ മാസം രണ്ടാംതീയതിയാണ് പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ലാ കളക്ടർ പീരുമേട് എൽ.ആർ. തഹസീൽദാരെ ചുമതലപ്പെടുത്തിയത്. കൈയേറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സ്ഥലത്ത് കുരിശ് കാണപ്പെട്ടത്. ആസൂത്രിതമായി തന്നെ അവിടെ കുരിശ് സ്ഥാപിച്ചതെന്നാണ് വിവരം. മറ്റൊരു സ്ഥലത്ത് നിർമ്മിച്ച കുരിശ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. 2017ൽ സൂര്യനെല്ലിയിലും ഇത്തരത്തിൽ കൈയേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കുകയും ചെയ്തു.
Source link