പത്മകുമാറിന്റെ വീട്ടിലെത്തി ബിജെപി നേതാക്കൾ; 15 മിനിറ്റ് കൂടിക്കാഴ്ച, നിർദേശം നൽകി സംസ്ഥാന നേതൃത്വം

പത്തനംതിട്ട ∙ സിപിഎമ്മുമായി ഇടഞ്ഞ എ.പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ. ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടിലെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് നേതാക്കളെത്തിയത്. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ ഇക്കാര്യം പത്മകുമാർ നിഷേധിച്ചു. എസ്‌ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ലെന്ന് പത്മകുമാർ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇവർ മുറിയുടെ ചിത്രം പകർത്തിയ ശേഷം തിരികെ പോയി. താൻ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി.എ. സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും പത്മകുമാർ പറഞ്ഞു.പാര്‍ലമെന്‍ററി രംഗത്തേക്ക് മാത്രമായി വന്നവരെ സിപിഎം സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്ന് പത്മകുമാർ പറഞ്ഞിരുന്നു. വീണാ ജോര്‍ജ് പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ പറയേണ്ടത് പരസ്യമായി പറയേണ്ടിവന്നു. 66–ാം വയസ്സിൽ താന്‍ വിരമിക്കുന്നു. സിപിഎം വിടില്ലെന്നും പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുമെന്നും പത്മകുമാര്‍ രാവിലെ പറഞ്ഞിരുന്നു.
Source link