ബെംഗളൂരുവിൽ 800 രൂപ, ഒമാനിൽ 300; കൺമുന്നിലൂടെ കടത്തിയത് കിലോക്കണക്കിന് രാസലഹരി; കുറിയർ വഴിയും എംഡിഎംഎ

കൊച്ചി ∙ കേരളത്തിലേക്ക് കടത്തുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട് പൊലീസിന്റെയും എക്സൈസിന്റെയും ‘സംശയമുന’ തീരെ ഇല്ലാത്ത സ്ഥലമായിരുന്നു ഗൾഫ് രാജ്യങ്ങൾ. ലഹരിക്കെതിരെ അന്നാട്ടിലുള്ള കർശന നിയമങ്ങൾ തന്നെയായിരുന്നു അതിനു കാരണം. എന്നാൽ കഴിഞ്ഞ ദിവസം അധികൃതരുടെ കൺമുന്നിലൂടെ ഒമാനിൽനിന്ന് കിലോക്കണക്കിന് രാസലഹരി യുവാവ് കടത്തിയതോടെ ഉദ്യോഗസ്ഥരുടെ ഈ ‘തെറ്റിധാരണ’ മാറി. മലപ്പുറം കൊണ്ടോട്ടി മുക്കോട് സ്വദേശി പി. ആഷിഖാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഒമാനിൽനിന്നു കേരളത്തിലെത്തിച്ചത്. ഒമാനിൽ നിന്ന് അടുത്തിടെ ആഷിഖിന് പാഴ്സൽ വന്നിരുന്നെന്ന വിവരത്തെ തുടർന്ന് കരിപ്പൂർ പൊലീസും ഡാന്‍സാഫ് സംഘവും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് 1.65 കിലോ എഡിഎംഎ. ഈ സമയം മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു ആഷിഖ്. കേരളത്തിൽ രാസലഹരി എത്തിക്കുന്ന വലിെയാരു റാക്കറ്റിന്റെ നേതാവാണ് ആഷിഖ് എന്ന് പൊലീസ് പറയുന്നു. ഒമാനില്‍നിന്ന് ആഷിഖ് രാസലഹരി കടത്തിയെന്ന വിവരം അവിശ്വസനീയതയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം കേട്ടത്. ഒമാനിൽ ആഷിഖിന് എംഡിഎംഎ ലഭിക്കുന്നത് ഗ്രാമിനു 300 രൂപ നിരക്കിൽ. ഇത് ബെംഗളുരുവിൽ നിന്നാണെങ്കിൽ ലഭിക്കുക 800–1000 രൂപയ്ക്ക്.
Source link