KERALAMLATEST NEWS

പൊലീസ് എന്താണ് അന്വേഷിച്ചത്? വിവിഐപിയുടെ മകളായിരുന്നെങ്കിൽ ഇതുണ്ടാകുമോ? ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കാസർകോട്: പൈവളികെയിൽ നിന്ന് 26 ദിവസം മുമ്പ് കാണാതായ പതിനഞ്ചുകാരിയെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. സംഭവത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടി.

കാണാതായി ആഴ്‌ചകൾ പിന്നിട്ടിട്ടും പൊലീസ് എന്താണ് അന്വേഷിച്ചത്? ഒരു വിവിഐപിയുടെ മകളെയാണ് കാണാതായതെങ്കിൽ പൊലീസ് ഇങ്ങനെ ആയിരിക്കുമോ പ്രവർത്തിക്കുക. നിയമത്തിന് മുന്നിൽ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി വ്യക്തമാക്കി. കേസ് ഡയറിയുമായി നാളെ ഹാജരാകാനും അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിർദേശിച്ചു.

പതിനഞ്ചുകാരിയെയും അതേദിവസം തന്നെ കാണാതായ ഓട്ടോറിക്ഷ ഡ്രൈവറായ പൈവളികെ കൂടമേൽക്കള മണ്ടേകാപ്പിലെ പ്രദീപ് കുമാറിനെയും (42) പെൺകുട്ടിയുടെ വീടിന് സമീപം ഇന്നലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് സൂചന. പെൺകുട്ടിയുടെ വീടുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളാണ് അവിവാഹിതനായ പ്രദീപ്. മരണം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കുന്നത്. കണ്ണൂർ മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റുമോർട്ടം നടന്നത്. ഉണങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കൂടുതൽ പരിശോധനയ്ക്കായി മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് ലാബിലേയ്ക്ക് അയച്ചു. ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ വീടിന് 200 മീറ്റർമാത്രം അകലെയുള്ള ഗ്രൗണ്ടിന് സമീപത്തെ അക്കേഷ്യ തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. തുടക്കത്തിൽ ഇരുവരുടേയും മൊബൈൽ ലൊക്കേഷൻ മനസിലാക്കി ഇതിനടുത്തടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കർണാടകയിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ നൂറോളം പൊലീസുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ സ്ഥലത്തിന് സമീപം കോഴി ഫാം ഉള്ളതിനാലാണ് ദുർഗന്ധം അറിയാത്തതെന്ന് പൊലീസ് പറഞ്ഞു.


Source link

Related Articles

Back to top button