രന്യ റാവുവിന് കോൺഗ്രസ് ബന്ധമെന്ന് ബിജെപി, 2 മന്ത്രിമാരെ സമീപിച്ചു; ബിജെപി ‘സഹായം’ ആരോപിച്ച് കോൺഗ്രസ്

ബെംഗളൂരു∙ കോടികളുടെ സ്വർണം കടത്തിയതിന് അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന് കോൺഗ്രസ് ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി. കേസിൽനിന്നു രക്ഷപ്പെടാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിലെ രണ്ടു മന്ത്രിമാരെ നടി സമീപിച്ചതായി ബിജെപി ആരോപിച്ചു. രന്യ റാവുവിന്റെ സ്വർണക്കടത്തിനു സഹായിച്ച പ്രോട്ടോക്കോള്‍ ലംഘനങ്ങൾ സർക്കാർ സ്വാധീനമുള്ള വ്യക്തികളുടെ പിന്തുണയില്ലാതെ നടത്താൻ കഴിയില്ലെന്നും കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു.‘‘രന്യയുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന മന്ത്രിമാരെയും അവരുടെ ഇടപാടുകളെ കുറിച്ചുമുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യയ്ക്കു ലഭിച്ചിട്ടുണ്ടാകും. സിബിഐ അന്വേഷിക്കുന്നതിനാൽ മന്ത്രിമാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തിരിച്ചടിയാകും. സത്യം പുറത്തുവരും. അതു ഒളിച്ചുവയ്ക്കാനുള്ള ഏതു ശ്രമവും കുറ്റകൃത്യങ്ങളിലെ സർക്കാരിന്റെ പങ്കാളിത്തം തുറന്നുകാട്ടാൻ മാത്രമേ സഹായിക്കൂ’’ – വിജയേന്ദ്ര പറഞ്ഞു. 2023ൽ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കീഴിൽ, കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്‌മെന്റ് ബോർഡ് ഒരു സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ രന്യ റാവുവിന് ഭൂമി അനുവദിച്ചതായി കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് പ്രതിരോധം.
Source link