ആരോഗ്യത്തിന് കുറുക്കുവഴികളില്ല; വൈറൽ ഡയറ്റ് പ്ലാനുകൾക്കു പുറകേ പോകരുത്, ജീവിതം ഒന്നേയുള്ളു!

മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരു യുവതി കണ്ണാടിയിൽ നോക്കിയ ശേഷം ”എന്റെ ശരീരം അമിതവണ്ണം ഉള്ളതാണ്. അതെന്റെ സൗന്ദര്യത്തെ കെടുത്തുന്നു. ഏതു വിധേനയും തടി കുറയ്ക്കണം. ഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്” എന്ന് പറയുന്നു. ആദ്യം കേൾക്കുമ്പോൾ ‘എത്ര വിചിത്രം!’ എന്നു തോന്നിപ്പോകും. വാസ്തവത്തിൽ ഇങ്ങനെയാണ് അനോറക്സിയ നെർവോസ എന്നുള്ള അവസ്ഥയുള്ളവർ ചിന്തിക്കുക. ഇതെങ്ങനെയാണ് ശരിയാകുക എന്നാരും ചിന്തിച്ചു പോയേക്കാം. അല്പം ബയോളജി ആകാം. നമ്മുടെ കണ്ണുകൾ കൊണ്ടു കാണുന്ന ഇമേജ് (ചിത്രം) ഒപ്റ്റിക് നാഡി വഴി തലച്ചോറിൽ എത്തുന്നു, അവിടെ പ്രോസസ്സ് ചെയ്യപ്പെടുന്നു. അപ്പോഴാണ് കാഴ്ചയുണ്ടാകുന്നത്. അതായത് കണ്ണിലല്ല, തലച്ചോറിലാണ് കാഴ്ച ഉണ്ടാകുന്നത് എന്നർത്ഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കണ്ണുകൾ ക്യാമറയുടെ ലെന്‍സ് ആണെങ്കിൽ ബ്രെയിൻ ആണ് അത് പ്രോസസ്സ് ചെയ്യുന്ന കമ്പ്യൂട്ടർ. പ്രോസസിങിൽ തകരാറുണ്ടെങ്കിൽ ചിത്രത്തിന് വൈകൃതമുണ്ടാകാറില്ലേ? അതാണിവിടെ സംഭവിക്കുന്നത്. നീ മെലിഞ്ഞില്ലേ ഇരിക്കുന്നത്? എന്ന് ആരെങ്കിലും അവരോടു ചോദിച്ചാൽ എന്റെ ശരീരം വണ്ണമുള്ളതാണെന്ന് എനിക്കറിയാം എന്നാവും ഉത്തരം. മെലിഞ്ഞിരിക്കണം എന്ന ഉദ്ദേശ്യത്തിൽ അവർ ഭക്ഷണം ഒഴിവാക്കുകയോ കളയുകയോ ചെയ്യുക പതിവാണ്. മെലിയാനുള്ള ഉപായങ്ങൾ അവർ യൂട്യൂബിലും ഗൂഗിളിലും മറ്റും അന്വേഷിക്കാറുണ്ട്. അങ്ങനെ ശരീരം ശോഷിച്ച്, ആരോഗ്യം നശിക്കാനിടയുണ്ട്. അതായത് ഭക്ഷണം കഴിക്കാൻ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ഭക്ഷണം കഴിക്കാത്തതുകൊണ്ടാണ് അവർക്കു പ്രശ്നങ്ങൾ ഉണ്ടാകാറ്.ഇനി അനോറക്സിയ നർവോസ ഇല്ലാത്ത, ശരാശരി ശരീരപ്രകൃതമുള്ള ആ പെൺകുട്ടി ഇത്തരം കടുത്ത ഡയറ്റിലേക്ക് പോകണമെന്നുണ്ടെങ്കിൽ മൂന്നു കാര്യങ്ങളാണ് കാരണക്കാർ. ഒന്ന് മെലിഞ്ഞിരിക്കുന്നത് മാത്രമാണ് ആരോഗ്യകരമെന്നും, അതാണ് സൗന്ദര്യമെന്നും സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചിന്ത. രണ്ട്, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളുടെ അതിപ്രസരം. മൂന്ന്, സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന, ഫിൽറ്ററുകളിട്ട് എഡിറ്റ് ചെയ്ത, യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെ നിൽക്കുന്ന സെൽഫികളും മറ്റു പ്രൊഫൈൽ ചിത്രങ്ങളും. ചിലർക്കെങ്കിലും രൂപത്തിൽ മറ്റൊരാളുടെ പോലെ താനും ആകണം എന്നുള്ള ചിന്ത പലപ്പോഴും വിനയാകാറുണ്ട്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ചിലരിൽ അവനവന്റെ ശരീരഘടനയെ പറ്റിയുള്ള അവമതിപ്പ് ഉണ്ടാക്കാനിടയുണ്ട്. ബോഡി ഡിസ്മോർഫിക് ഡിസോഡർ (Body dysmorphic disorder –BDD) നോടൊപ്പം ഡിപ്രഷനും മറ്റ് ഈറ്റിങ് ഡിസോഡറുകളും ഇതു മൂലം വഷളായേക്കാം.
Source link