പൃഥ്വി വില്ലൻ തന്നെ; രാജമൗലി–മഹേഷ് ബാബു ചിത്രത്തിലെ പ്രധാന രംഗം ചോർന്നു

മഹേഷ് ബാബുവിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന രാജമൗലി ചിത്രത്തിന്റെ പ്രധാന രംഗങ്ങളിലൊന്ന് ചോർന്നു. അതീവ രഹസ്യമായി പുരോഗമിക്കുന്ന ചിത്രീകരണത്തിന്റെ ചില ദൃശ്യങ്ങൾ ചോർന്നത് അണിയറക്കാരിൽ നിന്നു തന്നെയാണെന്നതാണ് ഞെട്ടിക്കുന്നത്. മഹേഷ് ബാബുവും പൃഥ്വിരാജും ഉൾപ്പെട്ട രംഗത്തിൽ കഥാപാത്രത്തിന്റെ ഗെറ്റപ്പുകളും വിഡിയോ വൈറലായതോടെ പുറത്തായി.വിഡിയോ പുറത്തായതോടെ പൃഥ്വിരാജിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് പ്രേക്ഷകരുടെ ഇടയിൽ നടക്കുന്നത്. മഹേഷ് ബാബുവിനൊപ്പം വിഡിയോയിൽ ഉള്ളത് പൃഥ്വി അല്ലെന്നും പറയുന്നവരുണ്ട്. സംഭവത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. വിവിധ അക്കൗണ്ടുകളിലൂടെ എക്സിൽ പ്രത്യക്ഷപ്പെട്ട വിഡിയോ സിനിമയുടെ അണിയറപ്രവർത്തകർ ഇടപെട്ട് നീക്കംചെയ്തു വരുകയാണ്. കുറ്റക്കാർക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനാണ് നിർമാതാക്കളുടെ തീരുമാനം. ചിത്രത്തിന്റെ കഥയേക്കുറിച്ചോ പശ്ചാത്തലത്തേക്കുറിച്ചോ യാതൊരു വിവരവും നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല.ഒഡീഷയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. കോരാപുത്തിലെ തലമാലി ഹിൽടോപ്പ് ആണ് ലൊക്കേഷൻ. മാർച്ച് അവസാനം വരെ ഒഡീഷ ഷെഡ്യൂൾ നീണ്ടു നിൽക്കും. കൊടും വനത്തിനുള്ളിലുള്ള സാഹസിക രംഗങ്ങളാകും ഇവിടെ ചിത്രീകരിക്കുകയെന്നാണ് സൂചന. വനത്തിൽ ചിത്രീകരണം നടത്തുവാനായി ഗവൺമെന്റിന്റെ പ്രത്യേക അനുവാദവും ടീമിനു ലഭിച്ചു കഴിഞ്ഞു. ഇന്ത്യാന ജോൺസ് സീരീസിന്റെ ലൈനിലാണ് ചിത്രം ഒരുങ്ങുക. പൃഥ്വിരാജ് കൊടും വില്ലനായാണ് എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്ക ചോപ്ര നായികയാകുന്ന സിനിമയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.
Source link