കാസർകോട്: മരിച്ചനിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരിയുടെയും ഓട്ടോറിക്ഷ ഡ്രൈവറായ 42കാരൻ പ്രദീപ് കുമാറിന്റെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. മകൾക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്തണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.
കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് പ്രദീപ് വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. ഇയാൾക്കെതിരെ രണ്ട് വർഷം മുമ്പ് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മൂന്നാഴ്ച മുമ്പാണ് പെൺകുട്ടിയേയും നാൽപ്പത്തിരണ്ടുകാരനെയും കാണാതായത്. മരത്തിൽ തൂങ്ങിയ നിലയിൽ കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് സൂചന.
അവിവാഹിതനായ പ്രദീപ് പെൺകുട്ടിയുടെ വീടുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളാണ്. പെൺകുട്ടിയുടെ വീടിന് 200 മീറ്റർ മാത്രം അകലെയുള്ള ഗ്രൗണ്ടിന് സമീപത്തെ അക്കേഷ്യ തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. തുടക്കത്തിൽ ഇരുവരുടേയും മൊബൈൽ ലൊക്കേഷൻ മനസിലാക്കി ഇതിനടുത്തടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കർണാടകയിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ നൂറോളം പൊലീസുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ സ്ഥലത്തിന് സമീപം കോഴി ഫാം ഉള്ളതിനാലാണ് ദുർഗന്ധം അറിയാത്തതെന്ന് പൊലീസ് പറയുന്നു.
കാണാതാകുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ തന്നെയായിരുന്നു മൃതദേഹങ്ങളിൽ. രണ്ടു ഫോണുകൾ, കത്തി, ചോക്ലേറ്റ് എന്നിവ സമീപത്തുനിന്ന് കണ്ടെത്തി. മരത്തിൽ കയറുന്നതിനായി കല്ലുകൾ എടുത്തുവച്ചിരുന്നു. കയറു മുറിക്കാൻ കടയിൽ നിന്ന് പേനാക്കത്തി വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Source link