‘എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം’;  എം എം ലോറൻസിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് മക്കൾ

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ സംസ്കാര തർക്കം വീണ്ടും കോടതിയിലേക്ക്. മൃതദേഹം മതാചാരപ്രകാരം സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പെൺമക്കൾ പുനഃപരിശോധന ഹർജി നൽകും. എം എം ലോറൻസിന്റെ ശബ്ദ സന്ദേശവും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

‘എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം. സുജ പറയുന്ന സ്ഥലത്ത് എന്നെ അടക്കം ചെയ്യണം. അതിന് മാറ്റം വരുത്തരുത്’ എന്നാണ് ലോറൻസിന്റേതെന്ന് പറഞ്ഞ് മക്കൾ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നത്. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും അത് തള്ളിയിരുന്നു. പിന്നാലയാണ് വീണ്ടും പെൺമക്കൾ കോടതിയിലേക്ക് എത്തുന്നത്. സെപ്‌തംബർ 21നാണ് എം എം ലോറൻസ് അന്തരിച്ചത്.

മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകാനുള്ള സഹോദരൻ എൽ.എൽ. സജീവന്റെ തീരുമാനത്തെയാണ് ഇവർ ചോദ്യം ചെയ്തത്. മൃതദേഹം പഠനത്തിന് വിട്ടു നൽകണമെന്ന് മരണത്തിന് മുമ്പ് പിതാവ് പറഞ്ഞിരുന്നെന്നാണ് സജീവൻ വാദിച്ചത്. ഇതിന് സാക്ഷികളെയും ഹാജരാക്കിയിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാൻ മുതിർന്ന അഭിഭാഷകനെ കോടതി മദ്ധ്യസ്ഥനായി നിയോഗിച്ചെങ്കിലും ചർച്ച പരാജയമായിരുന്നു.


Source link
Exit mobile version