കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകണം

തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മിഷൻ അംഗം വി ഗീത ആവശ്യപ്പെട്ടിരിക്കുന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്‌തികയിൽ നിയമിതനായ പിന്നാക്ക സമുദായാംഗത്തെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്ന് മാറ്റി നിർത്തിയ സംഭവത്തിലാണ് മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ കേസെടുത്തത്.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജീവനക്കാരനായി ഫെബ്രുവരി 24ന് നിയമിതനായ ഈഴവ സമുദായാംഗം ബി.വി. ബാലുവിനാണ് ജാതിവിവേചനം നേരിടേണ്ടി വന്നത്. ബാലുവിനെ ഓഫീസ് ജോലിയിലേയ്ക്ക് മാറ്റുകയായിരുന്നു. തന്ത്രിമാരുടെയും വാര്യസമാജത്തിന്റെയും എതിർപ്പിനെ തുടർന്നായിരുന്നു ഇത്. ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബാംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് അന്നുമുതൽ മാറിനിൽക്കുകയും ചെയ്തിരുന്നു.
അതേസമയം, ദേവസ്വം ബോർഡ് വഴി കഴക ജോലിക്ക് പ്രവേശിച്ച ഈഴവ സമുദായംഗത്തിന് ഭ്രഷ്ട് കല്പിച്ച കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. 28 ശതമാനം വരുന്ന ഈഴവരെ കാലഘട്ടം മാറിയതറിയാതെ ഇന്നും അടിമകളായി കാണുന്ന സമീപനം അംഗീകരിക്കാനാവില്ല. പുരോഗമന വാദവും മതേതരത്വം പറയുമ്പോഴും ഇപ്പോഴും പലരുടെയും മനസ് നൂറ്റാണ്ടുകൾ പിന്നിലാണ്. ഇത്തരം അസംബന്ധങ്ങൾ അംഗീകരിക്കില്ലെന്നും അസമത്വങ്ങൾക്കെതിരേ ശക്തമായി പോരാടുമെന്നും സംസ്ഥാന കമ്മിറ്റിയോഗം അറിയിച്ചു.
Source link