KERALAMLATEST NEWS

കപ്പയും ചേനയും കാച്ചിലുമെല്ലാം ഇനി ഓ‌ർമ്മയാകും, പ്രധാന കാരണം കർഷകരുടെ ഒരു പേടി

കല്ലറ: നാട്ടിൻപുറങ്ങളിൽ കിഴങ്ങുവർഗങ്ങൾ ഓർമ്മയാകുന്നു. കാട്ടുമൃഗ ആക്രമണം വർദ്ധിച്ചതോടെയാണ് കർഷകർ കിഴങ്ങുവർഗകൃഷിയോട് വിമുഖത കാട്ടിത്തുടങ്ങിയത്. ഇതോടെ കിഴങ്ങുവർഗങ്ങൾക്ക് കടുത്ത ക്ഷാമമാണ്. ഒപ്പം വിലയേറുകയും ചെയ്തു. കാട്ടുമൃഗങ്ങളെ ഭയന്ന് മലയോരത്തെ കൃഷിയിടങ്ങളിൽ ഒരുകാലത്ത് വിളവെടുത്തിരുന്ന കപ്പ,ചേന, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവയാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.

ഇവയുടെ കൃഷിയിൽ നിന്നും കർഷകർ പിന്തിരിഞ്ഞു തുടങ്ങിയതോടെ വിപണിയിലേക്ക് ഉത്പന്നങ്ങളും എത്തുന്നില്ല. കൃഷിയിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നവർക്ക് വിത്തുവിളകളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കാട്ടുമൃഗങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തി വിളവെടുക്കുന്ന ഉല്പന്നങ്ങൾക്ക് ന്യായവില ലഭിക്കണമെന്നതിനാൽ വില താഴ്ത്തി നൽകാൻ കർഷകരും തയാറാകുന്നില്ല. കാലാവസ്ഥ വ്യതിയാനവും കർഷകർക്കു വെല്ലുവിളിയാണ്.

പകൽച്ചൂടിന്റെ കാഠിന്യമേറിയതും പിന്നാലെ കാലംതെറ്റി പെയുന്ന മഴയുമെല്ലാം ഉത്പാദനത്തെ ബാധിച്ചു.വേനൽമഴ ലഭിച്ചതിനു പിന്നാലെ കിഴങ്ങുവർഗ കൃഷിയിലേക്ക് കർഷകർ തിരിയാറുണ്ടെങ്കിലും അധ്വാനഭാരം ഏറെയാണെന്ന് പറയുന്നു. കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങൾ കടക്കാതെ സംരക്ഷിച്ചു നിർത്തുകയെന്നതു ഭാരിച്ച ജോലിയാണ്. ടിൻഷീറ്റുകൾ കൊണ്ടും സോളാർ വേലി കൊണ്ടും മറ തീർത്താണ് കൃഷിയിലേക്ക് കടക്കാറുള്ളത്.

വിലയിൽ കേമൻ ചേന

വിപണിയിൽ ചേനയ്ക്കാണ് വില കുത്തനെ ഉയർന്നത്. കർഷകന് കിലോഗ്രാമിന് 50-60 രൂപ ലഭിക്കുന്നുണ്ട്. 100രൂപയാണ് വില്പന വില. വിത്തിനങ്ങൾക്കായി ഇതര ജില്ലകളിൽ നിന്നും ചേന എത്തിച്ചു വില്പന നടത്തുന്നുണ്ട്.

കാച്ചിൽ 80-90 രൂപ (കിലോഗ്രാമിന്)

ചേന 100രൂപ

വില്ലനായി കാട്ടുപന്നി

മലയോര കർഷകരെ കൃഷിയിടത്തിൽ നിന്ന് കുടിയിറക്കിയത് കാട്ടുപന്നികളാണ്. ഇവ മൂലം ഏറ്റവുമധികം നഷ്ടമുണ്ടായത് കിഴങ്ങുവർഗ കർഷകർക്കാണ്. മരച്ചീനി, ചേമ്പ്, ചേന, മധുരക്കിഴങ്ങ് എന്നിവയോടാണ് കാട്ടുപന്നികൾക്ക് ഏറെ താത്പര്യം. കാട്ടുപന്നി ആക്രമണത്തിൽ നിന്നും കിഴങ്ങുവർഗകൃഷിക്കു സംരക്ഷണം നൽകുകയെന്നത് കർഷകർക്ക് വെല്ലുവിളിയാണ്. ഇതോടെ കൃഷി ഉപേക്ഷിക്കുകയല്ലാതെ തരമില്ലാതായി.

കിഴങ്ങുവർഗ കൃഷി വൻതോതിൽ കുറയാനും കാരണമായി. മരച്ചീനി മാത്രമാണ് മൊത്തമായി കൃഷി ചെയ്യുന്നത്. ഇതാകട്ടെ പന്നി കൃഷിയിടത്തിൽ പ്രവേശിക്കാതിരിക്കാനുള്ള സംരക്ഷണ വേലി അടക്കം നിർമ്മിച്ചാണ് കൃഷി നടത്തുന്നത്.


Source link

Related Articles

Back to top button