കരുത്തൻ ഗോവിന്ദൻ; സിപിഎമ്മിൽ അച്ചടക്കത്തിന്റെ ആൾരൂപം, സൈദ്ധാന്തിക മുഖം; പിണറായി വഴി കൊല്ലത്തും

കോട്ടയം ∙ സിപിഎമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും ‘സൈദ്ധാന്തിക ഗുരു’വായ എം.വി. ഗോവിന്ദൻ വീണ്ടും പാർട്ടി സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ പിണറായി വിജയൻ സിപിഎം കേന്ദ്ര നേതൃത്വത്തിനു മുന്നിൽവച്ച പേരാണ് എം.വി. ഗോവിന്ദന്റേത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ, സർക്കാരിനെ പ്രതിരോധത്തിലാക്കാതെ പാർട്ടിയുടെ മുഖവും ശബ്ദവുമായി പ്രവർത്തിച്ച മികവിനു ലഭിച്ച അംഗീകാരമാണ് എം.വി. ഗോവിന്ദനെ വീണ്ടും തേടിയെത്തിയ സംസഥാന സെക്രട്ടറി പദം. സമ്മേളനം വഴി ഗോവിന്ദൻ ആദ്യമായാണ് സെക്രട്ടറിയാകുന്നത്.2028 ൽ അടുത്ത സംസ്ഥാന സമ്മേളനം നടക്കുമ്പോൾ ഗോവിന്ദനു പ്രായം 74 ആയിരിക്കും. സിപിഎമ്മിലെ പ്രായപരിധി നിബന്ധന ബാധകമാവില്ലെന്നു സാരം. ഇത്തവണ സംസ്ഥാന സെക്രട്ടറിയാകുമോയെന്ന ചോദ്യത്തിന്, ‘അതു പാർട്ടിയാണു തീരുമാനിക്കുന്നത്’ എന്നായിരുന്നു സമ്മേളനത്തിനു മുൻപ് എം.വി. ഗോവിന്ദൻ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്കു മത്സരിക്കില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. എന്നാൽ പിണറായി വിജയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്നു തീരുമാനിച്ചാൽ, സംസ്ഥാന സെക്രട്ടറിപദത്തിൽനിന്നു ഗോവിന്ദൻ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്നു കണ്ടറിയണം.എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചാണ് ഗോവിന്ദൻ ആദ്യം സംസ്ഥാന സെക്രട്ടറിയായത്. ഇതിനു മുൻപ് പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് അത്തരത്തിൽ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിയത് പിണറായി വിജയൻ മാത്രമാണ്. ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് നായനാർ മന്ത്രിസഭയിൽനിന്നു വൈദ്യുതി വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചാണ് പിണറായി സംസ്ഥാന സെക്രട്ടറിയായത്. ദീര്‍ഘകാലം ആ ചുമതലയിലിരുന്ന പിണറായി പാര്‍ലമെന്ററി രംഗത്തേക്കു തിരിച്ചെത്തിയത് മുഖ്യമന്ത്രിയായാണ്. പിണറായിയെക്കാൾ സൗമ്യമുഖമാണെങ്കിലും ഇടപെടലിലും പാര്‍ട്ടി ശൈലിയിലും അദ്ദേഹത്തിന്റെ പകർപ്പാണ് എം.വി. ഗോവിന്ദന്‍.
Source link