കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നു, അർഹതപ്പെട്ട വിഹിതം പോലും നൽകുന്നില്ല, ക്രൂരമായ വിവേചനമെന്ന് മുഖ്യമന്ത്രി

കൊല്ലം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നു. വയനാട് ദുരന്തത്തിൽ പോലും സഹായം നൽകിയില്ല. ബി.ജെ.പിയെ സ്വീകരിക്കാത്തതിനാൽ കേരളത്തെ ശത്രുക്കളായി കാണുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസനത്തിന് ഉതകുന്ന നിക്ഷേപം വരണമെന്നാണ് സമ്മേളനം അടിവരയിട്ടു പറയുന്നത്. ഏറ്റവും വിജയകരമായി സമാപിച്ച സമ്മേളനം ആണിത്. എത്രമാത്രം കരുത്ത് പാർട്ടിക്ക് നേടാൻ കഴിഞ്ഞു എന്ന് ഈ സമ്മേളനം കാണിക്കുന്നു. ശരിയായ രീതിയിൽ സി.പി.എം പ്രവർത്തിച്ചു വന്നതിന്റെ ഫലമാണ് ഈ രീതിയിലുള്ള കരുത്തിലേക്ക് പാർട്ടിക്ക് വളരാൻ കഴിഞ്ഞത്. ഈ മൂന്നുവർഷം വലിയ പ്രതിസന്ധി നേരിടേണ്ടി വന്ന കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
സെസ്, ഫീസ് തുടങ്ങിയവ വിഭവസമാഹരണ സാദ്ധ്യത എന്ന നിലയിലാണ് മുന്നോട്ടുവച്ചതെന്നും ഉടൻ നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ലെന്നും പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ജനങ്ങളെ ബോദ്ധ്യപ്പെടുത്തി മാത്രമേ മുന്നോട്ടുപോകൂ. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴുള്ള ബദൽവഴി തേടൽ എന്ന നിലയിലാണ് സെസ് ആശയം മുന്നോട്ടുവച്ചത്. നയവ്യതിയാനമല്ല, വികസന നയരേഖയ്ക്ക് ഇടത് സ്വഭാവം തന്നെയൊണെന്നും സംസ്ഥാന സമ്മേളന പ്രതിനിധികളുടെ ആശങ്കയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തുടർഭരണമാണ് ലക്ഷ്യം. വിഭവ സമാഹരണത്തിൽ ജനദ്രോഹ നിലപാട് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരളത്തിനായി പുതുവഴികൾ രേഖയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്വകാര്യപങ്കാളിത്തത്തിന് അനുകൂലമായ നയം, സെസും ഫീസും പിരിക്കാനുള്ള നീക്കം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികൾ സംശയമുയർത്തിയത്.
പ്രവാസി നിക്ഷേപം വർദ്ധിപ്പിക്കൽ പ്രധാന ലക്ഷ്യമാണ്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണം. ഉദ്യോഗസ്ഥർ ഇനിയും നാടിനുവേണ്ടി മാറാനുണ്ട്. കുറെ കാലമായി വർദ്ധനവ് ഇല്ലാത്ത മേഖലയിൽ വർദ്ധനവ് വരുത്തി വിഭവ സമാഹരണമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Source link