LATEST NEWS

കൊല്ലത്തും ‘കടക്ക് പുറത്ത്’; വിനയായത് ‘പി.ജെ.ആർമി’യോ ? ഇനിയുണ്ടോ ജയരാജന് അവസരം ?


കൊല്ലം ∙ സിപിഎം സംസ്ഥാന നേതൃത്വത്തിൽ കണ്ണൂർ ലോബിയുടെ അപ്രമാദിത്തമെന്ന വിമർശനം തുടരുമ്പോഴും, കണ്ണൂരിൽ ശക്തനായ ഒരു നേതാവ് ആ തലത്തിലേക്കെത്താതെ ഇത്തവണയും ഒഴിവാക്കപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടംകിട്ടാതിരുന്ന പി.ജയരാജന് പ്രായപരിധി മാനദണ്ഡമനുസരിച്ച് ഇനി അതിന് അവസരമുണ്ടാവില്ല. സെക്രട്ടേറിയറ്റിൽ കണ്ണൂർ ജില്ലയിൽനിന്നുള്ളവരുടെ എണ്ണത്തിന്റെ പേരിൽ വിമർശനങ്ങളുയരാറുണ്ടെങ്കിലും ഇത്തവണയും അതു വകവയ്ക്കാതെയുള്ള പട്ടികയാണ് പുറത്തുവന്നത്. 17 അംഗ സെക്രട്ടേറിയറ്റിൽ കെ.കെ.ശൈലജ, എം.വി.ജയരാജൻ, സി.എൻ.മോഹനൻ എന്നിവർ ഇടംപിടിച്ചപ്പോൾ ഇത്തവണയും പി.ജയരാജൻ ഇടം നേടിയില്ല. നിലവിലെ പ്രായപരിധി മാനദണ്ഡങ്ങൾ കണക്കാക്കിയാൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമാകാനുള്ള ‘ബാല്യം’ ജയരാജന് ഇല്ലതാനും. 72 വയസ്സുള്ള ജയരാജൻ അടുത്ത സമ്മേളനമാകുമ്പോഴേക്കും 75 വയസ്സെന്ന പ്രായപരിധി പിന്നിടും. ഇതോടെ ഇനി സിപിഎമ്മിന്റെ ‘പരമോന്നത’ നേതൃത്വത്തിലേക്ക് എത്താനുള്ള അവസാന വാതിലും അടഞ്ഞെന്നു ചുരുക്കം. അതേസമയം, പി.ജയരാജൻ സംസ്ഥാന സമിതിയിൽ തുടരും. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറിയായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയവരാണ്. പി.ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വടകരയിൽ സ്ഥാനാർഥിയാക്കിയത്. പകരം എം.വി.ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പി.ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ ലഭിച്ചുമില്ല. പക്ഷേ കോട്ടയം ജില്ലാ സെക്രട്ടറിയായിരിക്കെ, തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ വി.എൻ.വാസവനോടുള്ള പാർട്ടി സമീപനം വ്യത്യസ്തമായിരുന്നു. പരാജയപ്പെട്ട വാസവൻ ജില്ലാ സെക്രട്ടറിയായി തിരികെയെത്തിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കപ്പെടേണ്ടവരിൽ മുൻനിരയിലുള്ള ആളാണ് കെ.കെ.ശൈലജയെങ്കിലും കേന്ദ്രകമ്മറ്റി അംഗമായതിനാൽ ഇത്തവണ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുമെന്നു കരുതിയിരുന്നതല്ല. അതേസമയം, പി.ശശിയും എം.ബി.രാജേഷും സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കപ്പെടുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായതുമില്ല. അടുത്തിടെയുണ്ടായ വിവാദങ്ങളാകാം തൽക്കാലം പി.ശശി സെക്രട്ടേറിയേറ്റിലേക്ക് വേണ്ട എന്ന തീരുമാനത്തിനു പിന്നിൽ. 


Source link

Related Articles

Back to top button