അതൃപ്തി പരസ്യമാക്കി എ.പദ്മകുമാർ

പത്തനംതിട്ട: പാർട്ടിയിൽ നിന്ന് ചതിവും വഞ്ചനയും അവഹേളനവും നേരിട്ടതായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എയുമായ എ.പദ്മകുമാർ. 52 വർഷത്തെ ബാക്കി പത്രമെന്നും കൂട്ടിച്ചേർത്ത് ലാൽസലാം പറഞ്ഞുള്ള അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകൾ കമന്റുകൾ എഴുതി.
കൊല്ലത്തെ സി.പി.എം സംസ്ഥാന സമ്മേളന വേദി വിട്ട പദ്മകുമാർ നിരാശയാേടെ കാറിലിരിക്കുന്ന ചിത്രവും പോസ്റ്റു ചെയ്തിട്ടുണ്ട്. സമ്മേളനത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രതിനിധികളിൽ ഒരാളായിരുന്നു പദ്മകുമാർ.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നശേഷമാണ് അദ്ദേഹം എഫ്.ബി പോസ്റ്റിട്ടത്. ഉച്ചഭക്ഷണം കഴിക്കാതെ സ്വദേശമായ ആറൻമുളയിലേക്ക് മടങ്ങുകയും ചെയ്തു. അതുവരെ സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളുമായിരുന്നു എഫ്.ബി പേജിലുണ്ടായിരുന്നത്. സംസ്ഥാന സമിതിയിൽ ഇടം കിട്ടാതിരുന്നതും പത്തനംതിട്ട ജില്ലയിൽ നിന്ന് മന്ത്രി വീണാ ജോർജിനെ ക്ഷണിതാവായി ഉൾപ്പെടുത്തിയതുമാണ് പദ്മകുമാറിനെ പ്രകോപിപ്പിച്ചത്. പാർലമെന്ററി സ്ഥാനത്ത് എത്തിയതു കൊണ്ട് മാത്രം പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകുന്നത് ശരിയല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
1983ൽ പത്തനംതിട്ടയിൽ ആദ്യ ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ പദ്മകുമാർ അംഗമായിരുന്നു. 36 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. കോന്നിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായിട്ടാണ് പദ്മകുമാർ നിലകൊണ്ടിരുന്നത്. ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ ഒരാളായിരുന്നു.
തനിക്ക് കഴിവില്ലാത്തതിനാലാകാം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നതെന്ന് പദ്മകുമാർ. ചെറുപ്പക്കാർ വരുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അവർ സംഘടനാരംഗത്ത് പ്രവർത്തിക്കാത്തവരാവരുത്. വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ചവർക്കാണ് സ്ഥാനക്കയറ്റം മുമ്പ് കിട്ടിയിട്ടുള്ളത്. അതേ സമയം, പാർട്ടിവിട്ടു വന്നാൽ പദ്മകുമാറിനെ സ്വീകരിക്കാമെന്ന് പത്തനംതിട്ട ഡി.സി.സിയും ബി.ജെ.പി ജില്ലാ നേതൃത്വവും അറിയിച്ചു.
Source link