കുൽഭൂഷൻ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ച പാക്ക് ‘പണ്ഡിതനെ’ അജ്ഞാതർ വധിച്ചു

ഇസ്‌ലാമാബാദ് ∙ ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിനെ ഇറാനിൽനിന്നു തട്ടിക്കൊണ്ടുപോകാൻ പാക്ക് ചാരസംഘടന ഐഎസ്ഐയെ സഹായിച്ചെന്നു കരുതപ്പെടുന്ന മതപണ്ഡിതൻ മുഫ്തി ഷാ മിർ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി ബലൂചിസ്ഥാൻ പ്രവിശ്യയിൽ തുർബത്തിലെ ഒരു പള്ളിയിൽ നിന്ന് രാത്രി പ്രാർഥന കഴിഞ്ഞ് മടങ്ങവേ ബൈക്കിലെത്തിയ അജ്ഞാതർ പലവട്ടം വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുൻപും മുഫ്തി ഷാ മിറിനു നേരെ ആക്രമണം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാമിന്റെ (ജെയുഐ) പ്രവർത്തകനായിരുന്ന മുഫ്തിക്ക് ഐഎസ്ഐയുമായി അടുപ്പമുണ്ടായിരുന്നെന്നും ആയുധക്കടത്തും മനുഷ്യക്കടത്തുമായി ബന്ധമുണ്ടായിരുന്നെന്നും പാക്ക് ഭീകരരെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ സഹായിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 2016 ൽ ഇറാൻ– പാക്കിസ്ഥാൻ അതിർത്തിയിൽനിന്നാണ് കുൽഭൂഷൻ ജാദവിനെ തട്ടിക്കൊണ്ടു പോയി പാക് സൈന്യത്തിനു കൈമാറിയത്.ബലൂചിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ ഖുസ്ദാറിൽ കഴിഞ്ഞയാഴ്ച ജാമിയത്ത് ഉലമ-ഇ –ഇസ്‌ലാം പാർട്ടിയിലെ രണ്ടുപേർ വെടിയേറ്റു മരിച്ചിരുന്നു. ഈ വർഷം ആദ്യം ബലൂചിസ്ഥാനിൽ നടന്ന ഏറ്റുമുട്ടലിൽ 18 സുരക്ഷാ ഉദ്യോഗസ്ഥരും 23 ഭീകരരും മരിച്ചിരുന്നു.
Source link