LATEST NEWS

92 ചിത്രങ്ങൾ ബന്ധുവിന് അയച്ചു; ഇരുവരും തമ്മിൽ അടുപ്പം: അന്നും ഇന്നും ഒരേ ടവർ ലൊക്കേഷൻ, പൊലീസ് ഉഴപ്പി?


കാസർകോട്∙ പൈവളിഗെയിൽ പതിനഞ്ചുകാരിയേയും അയൽവാസിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരും തമ്മിൽ സ‍ൗഹൃദത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും ഒരുമിച്ചുള്ള 92 ചിത്രങ്ങൾ യുവാവ് കർണാടകയിലുള്ള ബന്ധുവിന് അയച്ചുകൊടുത്തിരുന്നതായും പൊലീസ് അറിയിച്ചു. ഈ ചിത്രങ്ങൾ ഇരുവരും ഒരുമിച്ചായിരുന്നു എന്ന് സ്ഥിരീകരിക്കാൻ പൊലീസിനെ സഹായിച്ചെന്നാണ് വിവരം. പല സമയങ്ങളിൽ പല സ്ഥലത്തുവച്ച് എടുത്ത ചിത്രങ്ങളാണിവ. പിന്നാലെ കര്‍ണാടക പൊലീസിനെ ബന്ധപ്പെട്ട് കര്‍ണാടകയിലും പരിശോധന തുടങ്ങി. കര്‍ണാടകയിലെ പെണ്‍കുട്ടിയുടെ പരിചയക്കാരിലൂടെയും ബന്ധുക്കളിലൂടെയും തിരച്ചിലില്‍ ഊര്‍ജിതമാക്കി. പൈവളിഗെയിലെ വീടും പരിസരവും കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ടായിരുന്നു. കർണാടകയിലേക്ക് ഇരുവരും പോയിട്ടില്ലെന്ന് ഉറപ്പായതോടെയാണ് വീടിന്റെ പരിസരം കേന്ദ്രീകരിച്ചുള്ള പരിശോധന പൊലീസ് കർശനമാക്കിയത്. ഈ പരിശോധനയിലാണ് വീടിനു സമീപത്തുള്ള പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവിളഗെ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ പ്രദീപി(42)നേയും കാണാനില്ലെന്ന് വ്യക്തമായത്. ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഇവരെ ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയതിനു സമീപത്ത് അന്ന് കാണിച്ചിരുന്നു. തുടർന്ന് ഡ്രോൺ ഉൾപ്പെടെ വച്ച് അന്വേഷണം നടത്തിയെങ്കിലും അവരെ കണ്ടെത്താനായിരുന്നില്ല എന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ കൃത്യമായ തിരച്ചിൽ അന്ന് നടത്താത്തതിനാലാണ് മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്. രണ്ടുപേരുടേയും മൃതദേഹങ്ങള്‍ക്കടുത്ത് രണ്ടു ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.


Source link

Related Articles

Back to top button