ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക്: ഗോവിന്ദൻ

കൊല്ലം: കേരളത്തിൽ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുസ്ലീംലീഗ് നേരത്തെ മതസംഘടനകളുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള മതരാഷ്ട്രവാദികളുമായി സഖ്യം ചേരുകയാണ്.
നേരത്തെ സ്വന്തം സ്ഥാനാർത്ഥികളെ നിറുത്തിയിരുന്ന ഈ സംഘടനകൾ ഇപ്പോൾ സ്ഥാനാർത്ഥികളെ നിറുത്താതെ യു.ഡി.എഫിന് വോട്ട് ചെയ്യുകയാണ്. ഇത് മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ ന്യൂനപക്ഷത്തെ വർഗീയവത്കരിക്കാൻ വഴിതുറക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ നിലപാട് ആർ.എസ്.എസിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ യു.ഡി.എഫിന്റെയും ലീഗിന്റെയും അടിത്തറ തോണ്ടും. ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ക്രിസ്ത്യൻ വിഭാഗത്തെ വർഗീയവത്കരിക്കാൻ കാസ എന്ന പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു. മുസ്ലീം വിരുദ്ധതയിൽ ഊന്നി ആർ.എസ്.എസ് തന്നെ രൂപപ്പെടുത്തുന്ന പ്രസ്ഥാനമാണ് കാസ. കാസയുടെ വരവ് മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടിയിൽ ശത്രുത പടർത്താനുള്ള ശ്രമമാണ്. ആർ.എസ്.എസും ബി.ജെ.പിയും കേരളത്തിലെ ഹൈന്ദവ വിഭാഗത്തെ സ്വത്വരാഷ്ട്രീയമുയർത്തി ജാതീയമായി പിളർത്തിയ ശേഷം വർഗീയമായി ഏകോപിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
വർഗീയതയുടെ വികസനം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിൽ പ്രധാന പ്രശ്നമായി മാറുന്നു. വർഗീയതയും വലതുപക്ഷ ശക്തികളും തമ്മിലുള്ള കൂട്ടുകെട്ടിന് പുതിയ മാനങ്ങൾ ഉണ്ടാകുന്നു. യു.ഡി.എഫിന്റെ വോട്ടുകൾ നൽകി ബി.ജെ.പിയെ വിജയിപ്പിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിലും പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ടത് ഇതാണ്. കോൺഗ്രസിന്റെ സംഭാവനയായാണ് തൃശൂരിൽ സുരേഷ്‌ഗോപിയുടെ വിജയം.
പാർട്ടിക്കുള്ളിലെ തെറ്റായ നിലപാടുകളെ സമ്മേളനം നവീകരിച്ച് തിരുത്തും. പാർട്ടിയുടെ രാഷ്ട്രീയ നിലവാരം വർദ്ധിപ്പിക്കും. വർഗീയതയെ പ്രതിരോധിക്കാനുള്ള പദ്ധതികൾ ചർച്ചചെയ്തു ആവിഷ്‌കരിക്കും. വർഗബഹുജന സംഘടനകളുടെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പുവരുത്തും.
Source link