KERALAMLATEST NEWS

വികസന രേഖയ്ക്ക് വൻ സ്വീകാര്യത: ഗോവിന്ദൻ

കൊല്ലം: സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ” എന്ന വികസന രേഖയ്ക്ക് പ്രതിനിധികൾക്കിടിയിൽ വൻ സ്വീകാര്യത ലഭിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കേന്ദ്രം ക്രൂരമായി സംസ്ഥാനത്തെ അവഗണിക്കുമ്പോൾ,​ പുതുവഴി കണ്ടെത്താനുള്ള പ്രഖ്യാപനമായി ഇതിനെ പ്രതിനിധികൾ വിശേഷിപ്പിച്ചു. രേഖ സമഗ്രമാക്കാനുള്ള നിർദ്ദേശങ്ങൾ ലഭിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രേഖയിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കണം,​ നിർവഹണം സാമൂഹിക നീതിയിൽ അധിഷ്ഠിതമാക്കുക, കാർഷിക, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകുക, കാർഷിക മേഖലയിൽ തൊഴിൽ സംരക്ഷിച്ച് യന്ത്രവത്കരണം നടപ്പാക്കി കൂടുതൽ ആദായകരമാക്കുക, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ നടപടിയെടുക്കുക, വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള ഇടപെടൽ ശക്തമാക്കുക, ഡാമുകളിലെ മണൽവാരൽ ഫലപ്രദമാക്കി വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രതിനിധികൾ മുന്നോട്ടുവച്ചു. ഇവകൂടി ഉൾപ്പെടുത്തി വികസനരേഖ സമഗ്രമാക്കി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. പ്രാവർത്തികമാക്കുന്ന ഘട്ടത്തിൽ എൽ.ഡി.എഫിൽ അവതരിപ്പിച്ച് അനുമതി തേടും.

കരിമണൽ രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന വസ്തുവാണ്. എന്നാൽ അത് എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടത് എന്നതാണ് വിഷയം. സംസ്ഥാനത്ത് ലഭ്യമായ മണൽ പൂർണമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ടോ. കേരളത്തിലെ പുഴകളിലും ഡാമുകളിലും ഉള്ള മണൽ പ്രയോജനപ്പെടുത്താനായാൽ സംസ്ഥാനത്തിന്റെ വലിയ മുന്നേറ്റത്തിന് അത് സഹായകമാവും. അതെല്ലാം നമുക്ക് ഉപയോഗിക്കാം.

സെസ് തീരുമാനം പിന്നീട്

വികസന രേഖയിൽ നിർദ്ദേശിച്ചിട്ടുള്ള സെസ് ഏത് മേഖലകളിലായിരിക്കുമെന്നത് പിന്നീട് തീരുമാനിക്കും. സെസ് സർവതല സ്പർശിയായിരിക്കും. സംസ്ഥാനത്തിന് ആവശ്യമായ വിഭവസമാഹരണമെന്ന നയമാണ് അംഗീകരിച്ചിട്ടുള്ളത്. ഏകപക്ഷീയമായ തീരുമാനമല്ല, ജനങ്ങളുടെ പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ്. ഒരു പൊതുമേഖലാ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത ഘട്ടത്തിലാണ് സ്വകാര്യ പങ്കാളിത്തം ആലോചിക്കുക. ഒരു പൊതുമേഖലാ സ്ഥാപനവും വിൽക്കാനുദ്ദേശിക്കുന്നില്ല. പാർട്ടി പ്രവർത്തന റിപ്പോർട്ടിന്മേൽ ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി. സ്വാഗതസംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ, ജനറൽ കൺവീനർ എസ്.സുദേവൻ എന്നിവരും പങ്കെടുത്തു.


Source link

Related Articles

Back to top button