പാർട്ടിയിലും കരുത്തൻ പിണറായി തന്നെ

കൊല്ലം: സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് എം.വി.ഗോവിന്ദനാണെങ്കിലും സംസ്ഥാനത്തെ സി.പി.എമ്മിന്റെ നായകൻ പിണറായി വിജയൻ തന്നെയെന്നാണ് കൊല്ലം സമ്മേളനം അരക്കിട്ടുറപ്പിക്കുന്നത്. കോടിയേരിയുടെ കാലത്തെപോലെ വരുന്ന സംഘടനാവർഷക്കാലവും കേരള സി.പി.എം പിണറായി എന്ന ശക്തിധ്രുവത്തിന് ചുറ്റുമുള്ള ഭ്രമണം തുടരും.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ വിമർശനം ഉയർന്നെങ്കിലും മുഖ്യമന്ത്രിക്കെതിരെ ആരും വിരൽ ചൂണ്ടിയില്ല. ജില്ലാ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് കീഴിലെ പൊലീസിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐക്കാരും മർദ്ദിച്ചതിനെ രക്ഷാപ്രവർത്തനമെന്ന് വ്യാഖാനിച്ചതും ജില്ലാ സമ്മേളനങ്ങളിൽ വിമർശനത്തിന് ഇടയാക്കി. എന്നാൽ സംസ്ഥാന സമ്മേളനത്തിൽ പൊലീസിനെതിരെ കാര്യമായ വിമർശനങ്ങൾ ഉയരാതിരുന്നത്, കേരളത്തിലെ പ്രധാന നേതാക്കൾക്കുമേൽ പിണറായി വിജയൻ തുടരുന്ന ആധിപത്യത്തിന്റെ തെളിവാണ്.
മുൻ എൽ.ഡി.എഫ് സർക്കാരുകളെ നയിച്ചിരുന്നത് പാർട്ടിയാണ്. പിണറായി മുഖ്യമന്ത്രിയായതോടെ സർക്കാർ പാർട്ടിയെ നയിക്കുകയാണെന്ന് കൊല്ലം സംസ്ഥാന സമ്മേളനം അരക്കിട്ടുറപ്പിക്കുന്നു. ഭർണത്തുടർച്ച എന്ന് പറയുമ്പോഴും നിലവിലെ സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് വികസന രംഗത്ത് പിണറായി സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ വേണ്ടിക്കൂടിയാണ് സി.പി.എം വമ്പൻ നയം മാറ്റങ്ങൾക്ക് തീരുമാനമെടുത്തത്. കഴിഞ്ഞ എറണാകുളം സമ്മേളനത്തിലേതുപോലെ കൊല്ലത്തും സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിനേക്കാൾ വലിയ പ്രധാന്യം ലഭിച്ചതും ഗൗരവകരമായ ചർച്ചകൾ നടന്നതും മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയ്ക്കായിരുന്നു. പ്രായപരിധിയിൽ പിണറായിക്ക് ഇളവനുവദിക്കണമെന്നത് സമ്മേളനത്തിൽ പൊതുവികാരമായി മാറി.
വരുന്ന മധുര പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ ബംഗാൾ, കേരള ഘടകങ്ങളുടെ നിലപാട് നിർണായകമാണ്. എം.എ.ബേബിയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. എം.എ.ബേബിക്ക് കേരള ഘടകത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിലും പുതിയ ജനറൽ സെക്രട്ടറിയെ സംബന്ധിച്ച് പി.ബി അംഗങ്ങൾ തമ്മിൽ നടക്കുന്ന അനൗപചാരിക ആലോചനകളിലും പിണറായി വിജയന്റെ നിലപാട് നിർണായകമാകും.
Source link