നൂതന സംവിധാനവും ജീവനക്കാരുമില്ല:….. രാസപരിശോധന ലാബുകളിൽ പൊടിപിടിച്ച് 6 ലക്ഷം സാമ്പിൾ

കോഴിക്കോട്: നൂതന പരിശോധന സംവിധാനങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്തെ രാസപരിശോധന ലാബുകളിൽ കെട്ടിക്കിടക്കുന്നത് 6,27,213 സാമ്പിളുകൾ. 2022 മുതൽ 2025 ഫെബ്രുവരി 19 വരെയുള്ള 2, 25,721 കേസുകളിലെ സാമ്പിളുകളാണിത്. എറണാകുളത്താണ് കൂടുതൽ- 2,83,037എണ്ണം. കുറവ് കോഴിക്കോട്ട്-1,44,824.
കോളിളക്കമുണ്ടാക്കിയ കേസുകളുടെ സാമ്പിളുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. പൊലീസ് ഹാജരാക്കിയ സാമ്പിളുകൾ ബന്ധപ്പെട്ട കോടതികളാണ് രാസപരിശോധനയ്ക്ക് അയയ്ക്കുന്നത്. ദുരൂഹമരണം, കൊലപാതകം തുടങ്ങിയ കേസുകളിൽ ആന്തരികാവയവങ്ങളും മറ്റും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറോ പൊലീസ് സർജന്മാരോ ആയിരിക്കും പരിശോധനക്കയയ്ക്കുന്നത്. ഫലം വൈകുന്നത് കേസന്വേഷണത്തെയും ബാധിക്കുന്നുണ്ട്.
ഫലങ്ങൾ അതത് അതോറിട്ടികൾക്ക് അയക്കും. എക്സെെസ് കേസുകളിൽ ജില്ലകളിൽ ചുമതലപ്പെടുത്തിയ ആളെത്തി വാങ്ങും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേത് തിരുവനന്തപുരത്തെ ഹെഡ്ക്വാർട്ടേഴ്സ് ലബോറട്ടറിയിലാണ് പരിശോധിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലേത് എറണാകുളത്തെ റീജിയണൽ ലബോറട്ടറിയിലും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സാമ്പിളുകൾ കോഴിക്കോട്ടുമാണ് പരിശോധിക്കുന്നത്.
വേണ്ടത് 40 ഓഫീസർമാർ വീതം
സംസ്ഥാനത്തെ മൂന്നു ലാബുകളിലായി 36 സയന്റിഫിക് ഓഫീസർമാരും 22 ടെക്നിക്കൽ അസിസ്റ്റന്റുമാരും മാത്രമാണുള്ളത്. കോഴിക്കോട്ടാണ് കുറവ് ജീവനക്കാരുള്ളത്, ഒമ്പത് സയന്റിഫിക് ഓഫീസർമാരും ആറ് ടെക്‌നിക്കൽ അസിസ്റ്റന്റുമാരും. എറണാകുളത്ത് 11 സയന്റിഫിക് ഓഫീസർമാരും ആറ് ടെക്‌നിക്കൽ അസിസ്റ്റന്റുമാരുമാണുള്ളത്. തിരുവനന്തപുരത്ത് 16 സയന്റിഫിക് ഓഫീസർമാരും 10 ടെക്നിക്കൽ അസിസ്റ്റന്റുമാരും. ഓരോയിടത്തും ചുരുങ്ങിയത് 40 ഓഫീസർമാർ വേണമെന്നിരിക്കെയാണിത്. സംസ്ഥാനത്തുടനീളം സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ അസിസ്റ്രന്റ്/ സീറോളജിക്കൽ അസിസ്റ്റന്റ് തുടങ്ങി 23 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ
സയന്റിഫിക് ഓഫീസർ- 9
ടെക്നിക്കൽ അസി./ സീറോളജിക്കൽ അസിസ്റ്റന്റ്- 6
ലാസ്കർ- 4
ഓഫീസ് അറ്റൻഡന്റ്- 1
നെെറ്റ് വാച്ചർ- 1
ബോട്ടിൽ ക്ലീനർ- 2
കുറ്റം………………………………..കേസ്……………..സാമ്പിൾ
കൊലപാതകം……………….328 ……………………1187
നാർക്കോട്ടിക്……………….. 46,135………………. 49,247
ലൈംഗികാതിക്രമം………1,081……..,………….3,261
മുങ്ങിമരണം…………………..1,005…………………2,073
എക്സെെസ്……………….. 45,157………………1,01,496
സ്‌ഫോടനം……………………..1,314………………… 9,541
Source link