ഗുരുദേവ-മഹാത്മജി സമാഗമ ശതാബ്ദി സമ്മേളനം 12ന്

ശിവഗിരി: ശ്രീനാരായണഗുരു- മഹാത്മാഗാന്ധി സമാഗമ ശതാബ്ദിയാഘോഷങ്ങൾക്ക് ശിവഗിരിയിൽ ഒരുക്കങ്ങളായി. 12ന് രാവിലെ 9ന് സമൂഹപ്രാർത്ഥനയോടെ തുടക്കമാകും. വൈദികമഠത്തിൽ സന്യാസിശ്രേഷ്ഠരും ഭക്തജനങ്ങളും പങ്കുചേരുന്ന പ്രാർത്ഥനാ യോഗത്തിൽ സ്വാമി വിശുദ്ധാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി പരാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവർ സന്ദേശങ്ങൾ നൽകും.
9.30ന് ശിവഗിരിമഠത്തിൽ നിന്നും ഗുരുദേവ-ഗാന്ധിജി സമാഗമം നടന്ന വനജാക്ഷി മന്ദിരത്തിലേക്ക് (ഗാന്ധ്യാശ്രമം) സന്യാസിമാരുടെ നേതൃത്വത്തിൽ പ്രയാണം. 10ന് വനജാക്ഷിമന്ദിരം സമാഗമ ശതാബ്ദി സ്മാരക മ്യൂസിയമായി മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധി സമർപ്പണം ചെയ്യും. 10.15ന് ഗുരുദേവ- ഗാന്ധിജി കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു മഹാത്മാക്കളും ശിവഗിരിയിലേക്ക് പ്രയാണം ചെയ്തതിന്റെ സ്മരണ പുതുക്കി ഏകലോക സങ്കല്പ സന്ദേശ യാത്ര നടക്കും. 10.30ന് നടക്കുന്ന സമാഗമ ശതാബ്ദി സമ്മേളനം തുഷാർഗാന്ധി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ മുഖ്യാതിഥിയാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
മദ്യലഹരി വിമുക്ത സമൂഹസൃഷ്ടി എന്ന വിഷയത്തിൽ എം.ജി യൂണിവേഴ്സിറ്റി ഗാന്ധി
ചെയർ മുൻ ഡയറക്ടർ എ.പി.മത്തായി സെമിനാർ നയിക്കും. കേരള ഗാന്ധി സ്മാരകനിധി ചെയർമാൻ രാധാകൃഷ്ണൻഹനായർ, വൈസ് ചെയർമാൻ ജേക്കബ്ബ് വടക്കഞ്ചേരി, കെ.ജി.ബാബുരാജൻ ബഹ്റിൻ, പുനലൂർ സോമരാജൻ, അജി.എസ്.ആർ.എം, കെ.ടി.സുകുമാരൻ എന്നിവർ പങ്കെടുക്കും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സ്വാഗതവും ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറയും. ഉച്ചയ്ക്ക് 2ന് ഗുരുദേവ-ഗാന്ധിജി സമാഗമത്തിന്റെ പുനരാവിഷ്കാരം, 2.30ന് നടക്കുന്ന സത്സംഗത്തിൽ തുഷാർഗാന്ധി വിദ്യാർത്ഥികളുമായി സംവദിക്കും. ചടങ്ങിലേക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സംഘടനാ ഭാരവാഹികളെയും പ്രവർത്തകരെയും ഗുരുദേവ വിശ്വാസികളെയും പ്രസ്ഥാനങ്ങളേയും ക്ഷണിക്കുന്നതായി ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ഗുരുദേവൻഗാന്ധിജി സമാഗമ ശതാബ്ദി കെ.പി.സി.സി ആഘോഷം 12ന്
തിരുവനന്തപുരം: മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി കെ.പി.സി.സിയുടെ നേതൃത്വത്തിൽ ആഘോഷിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.
യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മാർച്ച് 12ന് വൈകിട്ട് 4ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും.
മൊഴിയും വഴിയും ആശയ സാഗര സംഗമം എന്ന പേരിൽ സെമിനാറും ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.
ഗാന്ധിജി - ഗുരു കൂടിക്കാഴ്ച ശതാബ്ദി:
പ്രഭാഷണ പരമ്പരയുമായി
ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം : കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ഗാന്ധി -ഗുരു കൂടിക്കാഴ്ചയ്ക്ക് നൂറാണ്ട് പൂർത്തിയാകുമ്പോൾ പ്രഭാഷണ പരമ്പര സംഘടിപ്പിക്കാൻ ഡി.വൈ.എഫ്.ഐ. 100 പ്രഭാഷണങ്ങളിലെ ആദ്യത്തേത് ബുധനാഴ്ച നടക്കും. വർക്കല മൈതാനത്ത് വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയിൽ സുനിൽ.പി.ഇളയിടമാണ് മുഖ്യപ്രഭാഷകൻ.
1925 മാർച്ച് 12നാണ് ശിവഗിരിയിൽ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്. ആ സംവാദത്തെ വീണ്ടും ഓർമിക്കുകയെന്നത് മഹത്തരമായ സാംസ്കാരിക ഉത്തരവാദിത്തമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും പറഞ്ഞു. ഓർമ്മയും ഒരു സമരമാണെന്ന് ഈ പ്രഭാഷണ പരമ്പര അടയാളപ്പെടുത്തും.വർത്തമാന കേരളത്തിൽ വർഗീയതയ്ക്കും അന്ധവിശ്വാസങ്ങൾക്കും
എതിരായ താക്കീതു കൂടിയാണിത്. ജാതിവ്യവസ്ഥയെക്കുറിച്ചും അയിത്തത്തെക്കുറിച്ചുമുള്ള ധാരണകൾ മാറ്റിമറിക്കുന്ന സംവാദമായിരുന്നു അത്. മതബോദ്ധ്യങ്ങൾക്കും ജാതിചിന്തകൾക്കും അതീതമായ മഹാജ്ഞാനത്തിലൂന്നിയാണ് ഗുരുവിന്റെ ഇടപെടൽ. ജാതിയെയും മതത്തെയും കുറിച്ച് ഗാന്ധി അന്നോളം പുലർത്തിയ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാനും സംവാദത്തിലൂടെ സാധിച്ചു. മനുഷ്യത്വത്തെയും സ്ത്രീകളുടെ അന്തസിനെയും കുറിച്ച് ഉൾക്കാഴ്ച പകർന്നു. ചരിത്രത്തെ സ്വാധീനിച്ച അത്തരം സംവാദങ്ങൾ വർത്തമാനകാലത്തും പ്രസക്തമാണെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു.
Source link