ശുശ്രൂഷിക്കുന്നവർക്കും പ്രാർഥിക്കുന്നവർക്കും നന്ദി പറഞ്ഞ് മാർപാപ്പ

വത്തിക്കാൻ സിറ്റി: തന്നെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും രോഗമുക്തിക്കായി പ്രാർഥിക്കുന്നവർക്കും ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു. ഇന്നലെ യാമപ്രാർഥനയ്ക്കായി തയാറാക്കിയ സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. രോഗികളെ പരിചരിക്കുന്നവരെക്കുറിച്ച് താൻ പ്രത്യേകിച്ച് ചിന്തിക്കുന്നുണ്ടെന്നും അവർ തങ്ങളുടെ പരിചരണത്തിലുള്ളവർക്കുള്ള കർത്താവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണെന്നും മാർപാപ്പ പറഞ്ഞു. “ഇവിടെ ദീർഘനാളുകളായി ആശുപത്രിയിൽ കഴിയുന്ന സമയത്ത് സേവനത്തിന്റെ കരുതലും പരിചരണത്തിന്റെ ആർദ്രതയും ഞാൻ അനുഭവിച്ചറിഞ്ഞു, പ്രത്യേകിച്ച് ഡോക്ടർമാരിൽനിന്നും ആരോഗ്യ പ്രവർത്തകരിൽനിന്നും. അവർക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു’’-മാർപാപ്പ പറഞ്ഞു.
നോമ്പുകാലം നവീകരണത്തിന്റെയും ആത്മീയ വിശുദ്ധീകരണത്തിന്റെയും സമയമാക്കി മാറ്റണമെന്നും ക്രൈസ്തവർക്ക് വിശ്വാസത്തിലും പ്രതീക്ഷയിലും ജീവകാരുണ്യപ്രവർത്തനത്തിലും വളരാനുള്ള അവസരമാണിതെന്നും മാർപാപ്പ പറഞ്ഞു. അതേസമയം, ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും സങ്കീർണമായ ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.
Source link