അഗ്രിബിസിനസ്സ് മാനേജ്‌മെന്റ് @ കേരള കാർഷിക സർവകലാശാല

ഡോ. ടി.പി.സേതുമാധവൻ | Monday 10 March, 2025 | 12:00 AM
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ വെള്ളാനിക്കരയിലെ കോളേജ് ഒഫ് കോ-ഓപ്പറേഷൻ & ബാങ്കിംഗ് മാനേജ്‌മെന്റ് എം. ബി.എ അഗ്രിബിസിനസ്സ് മാനേജ്മെന്റിന് അപേക്ഷ ക്ഷണിച്ചു. കാർഷിക, കാർഷിക അനുബന്ധ ബിരുദധാരികൾക്കും മറ്റ് ബിരുദധാരികൾക്കും അപേക്ഷിക്കാം. ഏപ്രിൽ മൂന്നു വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. CAT, CMAT, KMAT സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.admissions.kau.in
സാദ്ധ്യതകൾ
രാജ്യത്ത് കൃഷി സേവന മേഖലയിലേക്ക് നീങ്ങുമ്പോൾ അഗ്രിബിസ്സിനസ്സിനു പ്രസക്തിയേറുന്നു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ഹോർട്ടികൾച്ചർ , ഭക്ഷ്യ സംസ്കരണം, ഫുഡ് റീടൈൽ, ഫുഡ് ഇ ബിസ്സിനസ്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡെയറി ബിസിനസ്സ് മാനേജ്മെന്റ്, പൗൾട്രി പ്രൊഡക്ഷൻ & മാനേജ്മെന്റ് മുതലായവ അഗ്രിബിസിനസ്സ് മാനേജ്മെന്റിൽ ഉൾപ്പെടുന്നു. സംരംഭകത്വവുമായി ബന്ധപ്പെട്ട് ഓൺട്രപ്രെണർ മാനേജ്മെന്റ്എം, സ്റ്റാർട്ടപ്പുകൾ എന്നിവയും വിപുലപ്പെട്ടുവരുന്നു. നേരിട്ട് കഴിക്കാവുന്നതും, പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾക്ക് സാദ്ധ്യതകളുണ്ട്.
ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ
രാജ്യത്ത് കാർഷിക മേഖലയിൽ കർഷക ഉത്പാദക സംഘടനകൾ അഥവാ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (FPO/FPC) കൂടുതലായി നിലവിൽ വരുന്നു. വ്യാവസായികാടിസ്ഥാനത്തിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനികളാകുന്നു. എഫ്.പി.ഒ കൾ വിജയകരമായി പ്രവർത്തിക്കാൻ സി.ഇ.ഒ മാർ വേണം. അഗ്രിബിസ്സിനസ് മാനേജ്‌മെന്റ് വിദഗ്ദ്ധർക്ക് അഗ്രിബിസിനസ്സിന്റെ എല്ലാ തലങ്ങളിലും പ്രവർത്തിക്കാൻ കഴിയും.
തൊഴിലവസരങ്ങളേറെ
കാർഷിക മാനേജ്‌മെന്റ് രംഗത്ത് തൊഴിൽ നല്കാൻ ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ദേശസാത്കൃത, സഹകരണ, സ്വകാര്യ ബാങ്കുകൾ തയ്യാറാണ്. കാർഷിക മേഖലയിലെ നിർമ്മാതാക്കൾ, സേവന ദാതാക്കൾ, ഫെർട്ടിലൈസർ കമ്പനികൾ, സാങ്കേതികവിദ്യ സേവന ദാതാക്കൾ, സാമ്പത്തിക സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവയുണ്ട്. ഡ്രോൺ കമ്പനികൾ, കാർഷിക എൻജിനിയറിംഗ് കമ്പനികൾ, മഹീന്ദ്ര, സഹകരണ സംഘങ്ങൾ, ഇഫ്‌കോ, അമുൽ, ക്ഷീരോത്പാദക യൂണിയനുകൾ, റിലയൻസ്, ബിഗ് ബാസ്കറ്റ്, ഐ.ടി.സി, സിഗ്‌മെന്റ, യു.പി.എൽ എന്നിവ ഇവയിൽപ്പെടുന്നു. ബാങ്കിംഗ് ഇൻഷ്വറൻസ് രംഗത്തും തൊഴിലവസരങ്ങളുണ്ട്. അക്കാഡമിക്, ഗവേഷണം എന്നിവയിൽ അഗ്രിബിസിനസ്സ് വിദഗ്ദ്ധർക്ക് രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്. കാർഷിക, വെറ്ററിനറി, ഫിഷറീസ് സർവ്വകലാശാലകൾ, കാർഷിക, സഹകരണ മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ അവസരങ്ങളേറെയുണ്ട്.
ബിരുദധാരികൾക്ക് അപേക്ഷിക്കാം
കാർഷിക, വെറ്റിനറി, ഫിഷറീസ് മുതലായവയിൽ ബിരുദം പൂർത്തിയാക്കിയവർക്ക് ചേരാവുന്ന അഗ്രിബിസിനസ്സ് മാനേജ്മെന്റ് , സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, റൂറൽ മാനേജ്‌മെന്റ് കോഴ്സുകളുണ്ട്. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റൻഷൻ മാനേജ്മെന്റിലെ അഗ്രിബിസിനസ്സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ബിരുദാനന്തര കോഴ്‌സുകൾക്ക് കാർഷിക, അനുബന്ധ ബിരുദം നേടിയവർക്ക് ചേരാം. കേരള കാർഷിക സർവ്വകലാശാലയുടെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് നടത്തുന്ന അഗ്രിബിസിനസ്സ് മാനേജ്മെന്റ് പ്രോഗ്രാമുകൾക്ക് ഏത് ബിരുദധാരിക്കും അപേക്ഷിക്കാം.
വിദേശ സർവകലാശാലകളിൽ
ബിരുദധാരികൾക്ക് ചേരാവുന്ന നിരവധി അഗ്രിബിസിനസ്സ് മാനേജ്‌മന്റ് കോഴ്സുകൾ ന്യൂസിലാൻഡ്, നെതർലൻഡ്‌സ്, ഓസ്ട്രേലിയ, യു.കെ സർവ്വകലാശാലകളിലുണ്ട്. നെതർലാന്റിലെ ഹാസ്, വാഗെനിങ്കൻ സർവ്വകലാശാലകൾ, ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ഓസ്ട്രേലിയ, യു.കെയിലെ ബ്രിസ്റ്റോൾ സർവകലാശാല എന്നിവിടങ്ങളിൽ നിരവധി ഗവേഷണ പ്രോഗ്രാമുകളുമുണ്ട്.
ഓർമിക്കാൻ…
1. സി.യു.ഇ.ടി പി.ജി ഹാൾ ടിക്കറ്റ്:- 13 മുതൽ 20 വരെ നടക്കുന്ന സി.യു.ഇ.ടി പി.ജി പരീക്ഷയുടെ അഡ്മിറ്റ് കാഡ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: exams.nta.ac.in/CUET-PG.
2. നീറ്റ് യു.ജി കറക്ഷൻ വിൻഡോ:- നീറ്റ് യു.ജി 2025 ആപ്ലിക്കേഷനിലെ തെറ്റ് തിരുത്താൻ/ എഡിറ്റ് ചെയ്യാന് 11 വരെ അവസരം. 10, 12 ക്ലാസുകളിലെ മാർക്ക് സംബന്ധിച്ച വിവരങ്ങൾ, ഒപ്പ്, രക്ഷിതാക്കളുടെ പേര് തുടങ്ങിയവ എഡിറ്റ് ചെയ്യാം. വെബ്സൈറ്റ്: neet.nta.nic.in.
പ്രവേശന പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണം
തിരുവനന്തപുരം : ഡൽഹി ജാമിയ മില്ലിയ സർവകലാശാലയുടെ യു.ജി, പി.ജി പരീക്ഷകൾക്ക് കേരളത്തിലുണ്ടായിരുന്ന ഏക സെന്ററായ തിരുവനന്തപുരത്തെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂർ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെയുള്ള പരീക്ഷാ കേന്ദ്രം കൂടിയാണ് ഇതോടെ നഷ്ടമായത്.
ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് എല്ലാ വർഷവും ജാമിയ എൻട്രൻസ് എഴുതുന്നത്. ഇവരെല്ലാം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സെന്ററുകളെ ആശ്രയിക്കേണ്ടി വരുമെന്നും നയീം പറഞ്ഞു.
അക്കാഡമിക കലണ്ടർ
പ്രതിനിധികളുമായി
കൂടിക്കാഴ്ച
തിരുവനന്തപുരം: അക്കാഡമിക കലണ്ടർ സമഗ്രപഠനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി അംഗങ്ങൾ സംസ്ഥാന സ്കൂൾ അദ്ധ്യാപക സംഘടന പ്രതിനിധികളുമായി മാർച്ച് 17 ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 ന് പൂജപ്പുരയിലെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച. അദ്ധ്യാപക സംഘടനകളിലെ ഓരോ പ്രതിനിധി നേരിട്ടോ അല്ലെങ്കിൽ സംഘടനയുടെ അഭിപ്രായം scertkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ രേഖപ്പെടുത്താവുന്നതാണ്.
ജി.എസ്.ടി അപ്പലേറ്റ്
ട്രൈബ്യൂണലിൽ നിയമനം
ന്യൂഡൽഹി: പുതുതായി രൂപീകരിച്ച ജി.എസ്.ടി അപ്പലേറ്റ് ട്രൈബ്യൂണലിലെ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിലേക്ക് നിയമനമായി. കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഡെപ്യൂട്ടി ഓഡിറ്റ് ഓഫീസർ ആശാ റാണിയെ ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ചിലേക്ക് നിയമിച്ചു. ഓഡിറ്റ് ഓഫീസറായ സനക്ക് എം.എസിനെ കോയമ്പത്തൂർ ബെഞ്ചിൽ നിയോഗിച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനങ്ങൾ. ഡൽഹിയിലെ ജി.എസ്.ടി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചാണ് ഇരുവർക്കും നിയമനം നൽകിയത്.
Source link