ചെങ്കടലായി കൊല്ലം

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്നലെ കാൽലക്ഷം റെഡ് വോളണ്ടിയർമാരുടെ പരേഡും പതിനായിരങ്ങൾ അണിനിരന്ന് നടന്ന റാലികളും കൊല്ലം നഗരത്തെ ചുവന്ന സാഗരമാക്കി. കൊല്ലം ബോയ്സ് സ്കൂൾ ഗ്രൗണ്ട്, കൊല്ലം ക്യു.എ.സി മൈതാനം എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിൽ നിന്നായിരുന്നു റെഡ് വോളണ്ടിയർ പരേഡ്.
വൈകിട്ട് മൂന്നരയോടെ റോഡ് വോളണ്ടിയർമാർ ആശ്രാമം മൈതാനത്തേക്ക് മാർച്ച് തുടങ്ങിയപ്പോൾ ലെഫ്ട് റൈറ്റ് ലെഫ്ട് കൊല്ലം നഗരത്തിന്റെ താളമായി. ഇതിനിടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് പ്രവർത്തകർ കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ, കർബല, കന്റോൺമെന്റ് മൈതാനം, കൊല്ലം ടൗൺ ഹാൾ എന്നിവിടങ്ങളിൽ നിന്ന് ആശ്രാമം മൈതാനത്തേക്ക് ഒഴുകി.
പ്രതിനിധി സമ്മേളന നഗരിയായ കൊല്ലം ടൗൺഹാളിൽ നിന്നുള്ള മഹാറാലിയുടെ മുൻനിരയിൽ, 24-ാം പാർട്ടി കോൺഗ്രസിന്റെ വിളംബരമായി പാർട്ടി പതാകകളുമായി 24 വനിതാ പ്രവർത്തകർ. തൊട്ടുപിന്നാലെ അലങ്കരിച്ച രണ്ട് തുറന്ന വാഹനങ്ങൾ. ഒന്നാമത്തെ വാഹനത്തിൽ പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുൻ സീറ്റിൽ സംഘാടകസമിതി ചെയർമാൻ മന്ത്രി കെ.എൻ.ബാലഗോപാൽ. രണ്ടാമത്തെ വാഹനത്തിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബിയും എ.വിജയരാഘവനും. തൊട്ടുപിന്നിൽ ചെണ്ടമേളം, ശിങ്കാരിമേളം, പഞ്ചവാദ്യം അടക്കമുള്ള വാദ്യങ്ങളും തെയ്യം, പൂക്കാവടി, കഥകളി തുടങ്ങിയ കലാരൂപങ്ങളും. പിന്നാലെ മുദ്രാവാക്യങ്ങൾ മുഴക്കി പുഴ പോലെ പ്രവർത്തകർ.
പൊളിറ്റ് ബ്യൂറോ അംഗങ്ങൾ അണിനിരന്ന മഹാറാലി എത്തും മുന്നേ, റെഡ് വോളണ്ടിയർമാരും പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരും നിറഞ്ഞ ആശ്രാമം മൈതാനം ചെങ്കടലായിരുന്നു. തുടർന്ന് പ്രകാശ് കാരാട്ടും എം.വി.ഗോവിന്ദനും റെഡ് വോളണ്ടിയർമാരുടെ സല്യൂട്ട് സ്വീകരിച്ചതിന് പിന്നാലെ മൈതാനം മുദ്രാവാക്യങ്ങൾ കൊണ്ട് ആർത്തിരമ്പി.
Source link