ചാന്പ്യൻസിന്റെ വൈറ്റ് ജാക്കറ്റ്

ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ജേതാക്കൾ സമ്മാനദാന ചടങ്ങിൽ അണിയുന്നത് പ്രത്യേകമായി രൂപകൽപ്പന ചെയ്ത വൈറ്റ് ജാക്കറ്റ്. ഏതൊരു ഐസിസി ടൂർണമെന്റിൽനിന്നും ചാന്പ്യൻസ് ട്രോഫിയെ വ്യത്യസ്തമാക്കുന്നതും ജേതാക്കൾ അണിയുന്ന ഈ വൈറ്റ് ജാക്കറ്റാണ്. 2025 ചാന്പ്യൻസ് ട്രോഫിയുടെ വൈറ്റ് ജാക്കറ്റ് പ്രകാശനം ചെയ്തത് പാക്കിസ്ഥാൻ മുൻ താരം വസിം അക്രം. പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച 2025 ചാന്പ്യൻസ് ട്രോഫി ജേതാക്കൾക്കുള്ള വൈറ്റ് ജാക്കറ്റ് പ്രകാശനം ചെയ്തുകൊണ്ട് അക്രം പറഞ്ഞത് ഇങ്ങനെ: ‘ഐസിസി പുരുഷ ചാന്പ്യൻസ് ട്രോഫി ഏറ്റവും മികച്ചവരെ പ്രതിനിധീകരിക്കുന്നു. മഹത്വത്തിന്റെ പ്രതീകമായ വെള്ള ജാക്കറ്റ് അനാച്ഛാദനം ആരാധകരിലും ആവേശം വർധിപ്പിക്കും.’ 1998ൽ ആണ് ഐസിസി ചാന്പ്യൻസ് ട്രോഫി ആരംഭിച്ചത്. ഐസിസി നോക്കൗട്ട് ട്രോഫി എന്നായിരുന്നു ആദ്യ പേര്. 2002ലെ മൂന്നാം എഡിഷനിൽ ചാന്പ്യൻസ് ട്രോഫി എന്ന പേര് സ്വീകരിച്ചു. 2009ൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ആറാം എഡിഷനിലാണ് ചാന്പ്യന്മാർക്കു വൈറ്റ് ജാക്കറ്റ് നൽകാൻ ആരംഭിച്ചത്. തുടർന്ന് ചാന്പ്യൻസ് ട്രോഫി ജേതാക്കളോടുള്ള ബഹുമാനാർഥം വൈറ്റ് ജാക്കറ്റ് സമ്മാനിച്ചുവരുന്നു.
മുംബൈ ഫാഷൻ ഡിസൈനറായ എം. ബബിതയാണ് ചാന്പ്യൻസ് ട്രോഫിയിലെ ആദ്യ വൈറ്റ് ജാക്കറ്റ് രൂപകൽപ്പന ചെയ്തത്. ഇറ്റാലിയൻ കന്പിളി മിശ്രണങ്ങളാലാണ് ജാക്കറ്റിന്റെ നിർമാണം. വെളുത്ത നിറത്തിലുള്ള ജാക്കറ്റിന്റെ പോക്കറ്റിലായി സ്വർണ നിറത്തിൽ ചാന്പ്യൻസ് എന്നു വലിപ്പത്തിലും എഡിഷനും ആതിഥേയ രാജ്യവും ചെറുതായും ആലേഖനം ചെയ്തിട്ടുണ്ട്.
Source link