‘നീതി നടപ്പിലാകുമെന്നു പ്രതീക്ഷ, അപമാനിക്കുന്നവർ സ്വയം ചെറുതാവുന്നു; ഈ വനിതാദിനം തെരുവിൽ’

വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകൾ നേടിയ വിജയത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ വനിതാദിനവും. ലോകം മുഴുവൻ ഇന്ന് വനിതാദിനം ആഘോഷിക്കുമ്പോൾ നീതിക്കായുള്ള പോരാട്ടത്തിലാണ് കേരളത്തിലെ ഒരുപറ്റം സ്ത്രീകൾ. മഴയെന്നോ വെയിലെന്നോ നോക്കാതെ, അർഹതപ്പെട്ടത് നേടിയെടുക്കാൻ തിരുവനന്തപുരത്ത ആ സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. ലോകത്തെ ഒന്നടങ്കം മൂടിയ കൊവിഡ് കാലത്ത് പലരും പോകാൻ മടിക്കുന്ന വീടുകളിലേക്കു പോലും കയറിച്ചെന്ന നമ്മുടെ നാട്ടിലെ ആശാ പ്രവർത്തകർ. അവരുടെ സന്നദ്ധ പ്രവർത്തനങ്ങളെ അന്നു വാഴ്ത്തിപ്പാടിയ സർക്കാരാണ് ഇന്നവരുടെ നീതിക്കായുള്ള പോരാട്ടത്തെ തള്ളിപ്പറയുന്നത്. സ്വന്തം ദുരവസ്ഥ ഉറക്കെപ്പറഞ്ഞ് തെരുവിൽ പോരാട്ടത്തിന്റെ ജ്വാല പടർത്തിയ ആശാവർക്കർമാരുടേതു കൂടിയാണ് ഈ വനിതാദിനം. ആശാവർക്കർ സമരസമിതി നേതാവ് എം.എ.ബിന്ദു സംസാരിക്കുന്നു. ‘നീതി നടപ്പിലാകുമെന്ന് പ്രതീക്ഷ’ തൊഴിലവകാശത്തിനു വേണ്ടി സ്ത്രീകൾ പോരാടിയതിന്റെയും രക്തസാക്ഷിത്വം വരിച്ചതിന്റെയും വലിയ സമര ചരിത്രമുണ്ട് ഓരോ വനിതാ ദിനത്തിനും. തൊഴിലാളിമുന്നേറ്റങ്ങളുടെ ആകെത്തുകയായ വനിതാദിനം ഞങ്ങൾക്കും ഇന്ന് പോരാട്ടത്തിന്റെ ദിനമാണ്. ഈ സമരവേദിയിൽനിന്ന് വനിതാദിനം ആഘോഷിക്കാൻ കഴിയുന്നത് ഞങ്ങൾ ഓരോ സ്ത്രീക്കും അഭിമാനമാണ്. ഇതുതന്നെയാണ് വനിതാദിനം ആചരിക്കാൻ പറ്റിയ ഇടം. വർഷങ്ങൾക്കു മുൻപു നടന്ന സമരത്തിനു സമാനമാണ് ഞങ്ങളുടെ പോരാട്ടവും. വനിതാദിനത്തിൽ ഞങ്ങളുടെ സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് സമരവേദിയിലെത്തുന്നത്. ആശാ പ്രവർത്തകരുടെ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്ത്രീകളുടെയാകെ മഹാ സംഗമമാണ് ഞങ്ങളുടെ സമരം.ഓരോ ദിവസം കഴിയുമ്പോഴും പ്രതീക്ഷ കൂടുകയാണ്. ഈ സമരത്തിന് അവസാനമുണ്ടാകുമെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്നുമാണ് ഞങ്ങൾ കരുതുന്നത്. സർക്കാരിനു നടപ്പിലാക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ നീതി നടപ്പിലാകുമെന്ന പൂർണപ്രതീക്ഷയുണ്ട്.
Source link