KERALAM
ലഹരി പരിശോധന: കൊച്ചിയിൽ ഒറ്റ രാത്രി കുടുങ്ങിയത് 300 പേർ

കൊച്ചി: ശനിയാഴ്ച രാത്രി 10 മുതൽ ഇന്നലെ പുലർച്ചെ മൂന്ന് വരെ കൊച്ചി നഗരത്തിൽ ഓപ്പറേഷൻ മിഡ്‌നൈറ്റ് എന്നപേരിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്ന് കൈവശംവച്ചവരും ഉപയോഗിച്ചവരുമടക്കം 300-ാളം പേർ പിടിയിലായി. എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു.
38 ഇടങ്ങളിൽ നിലയുറപ്പിച്ച പൊലീസ് അതുവഴിപോയ വാഹനങ്ങളടക്കം തുറന്നു പരിശോധിച്ചു. സംശയം തോന്നിയവരെ ദേഹപരിശോധന നടത്തി. 77 ലഹരിക്കേസുകളും മദ്യപിച്ച് വാഹനം ഓടിച്ചതിന് 193 കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 27 കേസുകളും രജിസ്റ്റർ ചെയ്തു.
സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ 550 ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.
Source link