മത്സരിക്കാതെ പിണറായി മുഖ്യമന്ത്രി ? എം.എ.ബേബി, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ… രണ്ടാം നിരയ്ക്ക് മൗനം

കൊല്ലം ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തില്ലെങ്കിൽ പകരം ആര് എന്നതിനെച്ചൊല്ലി പാർട്ടിയിൽ പുതിയ ബലാബലം. സംസ്ഥാന സമ്മേളന ചർച്ചകളുമായി ബന്ധപ്പെട്ട് അലയൊലികൾ ഉയർന്നു തുടങ്ങി. പുതിയ നേതൃത്വം ഇവിടെ തിരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും സമ്മേളന ചർച്ചകൾ ഭാവി തീരുമാനങ്ങളെ സ്വാധീനിക്കും.‘ക്യാപ്റ്റൻ വിവാദം’ ഉടനെങ്ങും കെട്ടടങ്ങില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.പിണറായി അല്ല, കൂട്ടായ നേതൃത്വമാകും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക എന്നു സമ്മേളനത്തിനു തൊട്ടുമുൻപു ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നു പറഞ്ഞതോടെയാണ്, പകരം ആര് എന്ന ചോദ്യം ചർച്ചയായത്. പിണറായി മത്സരിക്കുമോ എന്നതു പോലും തീരുമാനിച്ചില്ലെന്നു കഴിഞ്ഞ ദിവസം അദ്ദേഹം ആവർത്തിച്ചു. പിണറായി മാറിനിൽക്കാനിടയുള്ള സാഹചര്യം സംസ്ഥാന സെക്രട്ടറി തന്നെ തള്ളിക്കളയുന്നില്ലെന്നു വന്നതോടെയാണ് ആ ചർച്ചകൾക്കു കൂടുതൽ ഗൗരവം വന്നത്. അതോടെ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തെ ശക്തമായി പിന്താങ്ങി വാദഗതികളും ഉയർന്നു.വിമർശനങ്ങളിൽ മുഖ്യമന്ത്രിയെ ഒഴിച്ചുനിർത്തിയും പ്രശംസകളാൽ അദ്ദേഹത്തെ മൂടിയും ഉള്ള അഭിപ്രായപ്രകടനങ്ങൾ യാദൃച്ഛികമെന്നു കരുതാൻ കഴിയില്ല. അതേസമയം തന്നെ പാർട്ടിയിലെയും ഭരണത്തിലെയും ‘കണ്ണൂർ ആധിപത്യ’ത്തിനെതിരെ മുറുമുറുപ്പ് പ്രകടമായി. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോഴും പ്രതിരോധിക്കാൻ ഒരു വിഭാഗം മന്ത്രിമാർ തയാറാകുന്നില്ലെന്നു പറഞ്ഞും ഒരു വിഭാഗം രംഗത്തെത്തി.
Source link