മൊഴിയെടുക്കാൻ വിളിപ്പിച്ചു, മകനു മുന്നിൽ യുവതിക്കു പീഡനം; കോൺസ്റ്റബിൾ അറസ്റ്റിൽ

ജയ്‌പുർ ∙ ഗർഭിണിയായ 32 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിൽ വച്ച് പൊലീസ് കോൺസ്റ്റബിൾ ബലാത്സംഗം ചെയ്തെന്നു പരാതി. അയൽക്കാരൻ മർദിച്ചതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിൽ മൊഴി നൽകാൻ എത്തിയതായിരുന്നു യുവതി. രാജസ്ഥാനിലെ സങ്കാനെർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഭാഗ റാം (48) ആണ് യുവതിയെ ബലാത്സംഗം ചെയ്തത്.ശനിയാഴ്ച രാവിലെ യുവതിയുടെ വീട്ടിലെത്തിയ ഭാഗ റാം, അയൽവാസിക്കെതിരായ പരാതിയിൽ മൊഴി രേഖപ്പെടുത്താൻ തന്നോടൊപ്പം സ്റ്റേഷനിലേക്കു വരണമെന്നു യുവതിയോട് ആവശ്യപ്പെട്ടു. തുടർന്നു യുവതിയെയും മകനെയും സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനു പകരം ഹോട്ടലിലേക്കു കൊണ്ടുപോയി. അവിടെവച്ചു യുവതിയെ രാത്രിവരെ തുടർച്ചയായി ബലാത്സംഗം ചെയ്തു. പരാതി നൽകിയാൽ ജീവൻ അപകടത്തിലാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.യുവതി അന്നു രാത്രി തന്നെ പൊലീസ് കമ്മിഷണർ ബിജു ജോർജ് ജോസഫിനെ കണ്ടു പരാതി നൽകുകയായിരുന്നു. പൊലീസുകാരനെതിരെ ബലാത്സംഗം, ബ്ലാക്ക്‌മെയിലിങ്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളിൽ കേസ് റജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അഡീഷനൽ പൊലീസ് കമ്മിഷണർ വിനോദ് കുമാർ ശർമ പറഞ്ഞു.
Source link