KERALAMLATEST NEWS

‘എസ് മിനി സാംക്രമിക രോഗം പടർത്തുന്ന കീടം’; ആശാവർക്കർമാരെ വീണ്ടും അധിക്ഷേപിച്ച് സിഐടിയു നേതാക്കൾ

കോട്ടയം: 19 ദിവസമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്ക‌ർമാരെ വീണ്ടും അധിക്ഷേപിച്ച് സിഐടിയു നേതാക്കൾ. സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പടർത്തുന്ന കീടമാണെന്നാണ് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ പറഞ്ഞത്. സമരത്തിന്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. കേരളത്തിലെ ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. അതിന്റെ നേതാവ് മിനിയാണെന്നാണ് ഹർഷകുമാർ ആരോപിച്ചിരിക്കുന്നത്.

ഹർഷകുമാറിന്റെ അധിക്ഷേപത്തിൽ മിനിയും പ്രതികരിച്ചിട്ടുണ്ട്. സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്നായിരുന്നു മിനിയുടെ മറുപടി. ‘തന്നെ നികൃഷ്ട ജീവിയെന്ന് വിളിച്ചില്ലല്ലോ എന്നതിൽ ആശ്വാസമുണ്ട്. ആശാ വർക്കർമാരുടെ സമരത്തോടെ സിഐടിയുവിന്റെ ആണിക്കല്ല് ഇളകി. ആക്ഷേപങ്ങൾക്ക് പൊതുജനം മറുപടി നൽകും’- മിനി പ്രതികരിച്ചു.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും ആശാ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു നടത്തിയ കേന്ദ്ര സർക്കാർ ഓഫീസിലേക്കുള്ള മാർച്ചിലാണ് അധിക്ഷേപമുണ്ടായത്. തിരുവനന്തപുരത്ത് സിഐടിയു ഇന്ന് ബദൽ സമരം നടത്തി. അതേസമയം, സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്നതെന്നാണ് മുൻ പാർലമെന്റ് അംഗം സിഎസ് സുജാത ആരോപിച്ചു.ഇത്തരത്തിലുളള അധിക്ഷേപങ്ങൾ കൊണ്ട് തളരില്ലെന്നും സമരസമിതി വ്യക്തമാക്കി.

എന്നാൽ തെറ്റിദ്ധരിക്കപ്പെട്ടാണ് ഒരു വിഭാഗം ആശാവർക്കർമാർ സമരത്തിനിറങ്ങിയതെന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രതികരണം. ‘ജനുവരി വരെയുള്ള കുടിശികയടക്കം മുഴുവൻ തുകയും നൽകിയെന്ന് മന്ത്രി വീണാ ജോർജ്. ഇന്നലെയോടെ ഇത് ആശമാരുടെ അക്കൗണ്ടുകളിൽ എത്തി. ആശാ സ്‌കീം കേന്ദ്ര പദ്ധതിയാണ്. എന്നാൽ, വേതനം വർദ്ധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ചിലർ ആശമാരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

ആശമാർക്ക് കൂടുതൽ ആനുകൂല്യം നൽകണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ഇതിന് സംസ്ഥാന സർക്കാരിനെ കൊണ്ടുമാത്രം കഴിയില്ല. കേന്ദ്രസർക്കാരാണ് ഫണ്ട് അനുവദിക്കേണ്ടത്. ആശമാരെ തൊഴിലാളികളായി പോലും കേന്ദ്രം പരിഗണിക്കുന്നില്ല. വേതനകാര്യത്തിൽ ഉചിതമായ തീരുമാനം കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ആശമാരുടെ തൊഴിൽപരമായ പ്രശ്‌നങ്ങളിൽ പരിഹാരത്തിന് ഇടപെടണമെന്നാണ് സർക്കാർ നിലപാട്’-മന്ത്രി അറിയിച്ചു.


Source link

Related Articles

Back to top button