തെലങ്കാന തുരങ്ക അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, പുറത്തെടുക്കാൻ ശ്രമം

ഹൈദരാബാദ് ∙ തെലങ്കാനയിൽ തുരങ്ക നിർമാണത്തിനിടെ മണ്ണിടിഞ്ഞു കുടുങ്ങിയ 8 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുരങ്കത്തിനകത്തെ യന്ത്രത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. യന്ത്രം പൊളിച്ചു മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കേരള പൊലീസിന്റെ കഡാവർ നായ്ക്കളാണു തുരങ്കത്തിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. ദേശീയ ദുരന്തനിവരാണ അതോറിറ്റിയുടെ അഭ്യർഥനപ്രകാരം കഴിഞ്ഞ ദിവസമാണു കഡാവർ നായ്ക്കളെ വിട്ടുകൊടുത്തത്. കഡാവർ നായ്ക്കൾ മനുഷ്യശരീരത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞതായി തെലങ്കാന മന്ത്രി ഉത്തംകുമാർ റെഡ്ഡി പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ റോബട്ടിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.11 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എൻജിനീയർമാരും തൊഴിലാളികളും ഉൾപ്പെട്ട എട്ടംഗ സംഘം ഫെബ്രുവരി 22നാണു തുരങ്കത്തിൽ കുടുങ്ങിയത്. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പദ്ധതിയുടെ ഭാഗമായാണു തുരങ്കനിർമാണം.
Source link