ഫഹദിൽനിന്നും കിട്ടിയ തുമ്പ്; പ്യൂണിന്റെ അറസ്റ്റ് വഴിത്തിരിവായി, മാസങ്ങളോളം ചുറ്റിച്ച ഷുഹൈബും ഒടുക്കം പിടിയിൽ, ക്രൈംബ്രാഞ്ചിന് നേട്ടം

കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർന്നു എന്നത് അധ്യാപകർക്കും അന്വേഷണ സംഘത്തിനും ഉറപ്പായിരുന്നു, എന്നാൽ ചോർത്തിയത് ആര്, എങ്ങനെ, എവിടെനിന്ന് എന്ന ചോദ്യങ്ങൾ മാസങ്ങളോളം അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ചു. ഒടുവിൽ എല്ലാ തെളിവുകളും ഉൾപ്പെടെ പ്രതികളെ പിടികൂടിയതോടെ വിദ്യാഭ്യാസ മേഖലയുടെ അടിത്തറ തന്നെ തകർക്കുന്ന നീക്കത്തിനാണ് ക്രൈംബ്രാഞ്ച് തടയിട്ടത്. അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കം കുറിച്ചു. കെഎസ്‌യു നിരന്തരം സമരവുമായി രംഗത്തുണ്ടായിരുന്നു. ചോർത്തിയവനെയും ചോർത്തിയവിധവും തെളിവുസഹിതം നിരത്തിയത് ക്രൈംബ്രാഞ്ചിന്റെ വലിയ നേട്ടമാണ്.കൊടുവള്ളിയിലെ ട്യൂഷൻ സെന്ററായ എംഎസ് സൊലൂഷൻസിലെ അധ്യാപകനായിരുന്ന ഫഹദിനെ ചോദ്യം ചെയ്തതിൽനിന്നാണ് ക്രൈംബ്രാഞ്ചിനു തുമ്പ് കിട്ടിയത്. ഫഹദിനെയും മറ്റൊരു അധ്യാപകനായ ജിഷ്ണുവിനെയും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തെങ്കിലും ആദ്യം വിവരമൊന്നും ലഭിച്ചില്ല. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരുന്നു എന്ന വിവരം ഫഹദ് മറച്ചുവച്ചു. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് കോടതിയുടെ അനുമതിയോടെ ജയിലിലെത്തി ഫഹദിനെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണു ചോദ്യക്കടലാസ് ചോർത്തിയ വിവരം പുറത്തുവന്നത്.ചോദ്യക്കടലാസ് ചോർന്നിട്ടില്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും എവിടെയുമെത്തിയില്ല. എംഎസ് സൊലൂഷൻസിനെതിരെ കേസ് റജിസ്റ്റർ ചെയ്തതല്ലാതെ അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തപ്പോഴും ഇതേ അവസ്ഥ തന്നെ തുടർന്നു. പൊലീസിനെ ഉൾപ്പെടെ വെല്ലുവിളിച്ചുകൊണ്ട് എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് വീണ്ടും യുട്യൂബിൽ വിഡിയോയുമായി എത്തി.
Source link