‘ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ, വായ്‌പ അടയ്ക്കാനുള്ളത് ഒന്നര ലക്ഷത്തോളം രൂപ’; ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായകമായ ഫോൺ സംഭാഷണം പുറത്ത്. മക്കൾക്കൊപ്പം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിന് തൊട്ടുമുൻപായി കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
ഷൈനിയുടെ പേരിൽ ഭർത്താവ് നോബിയുടെ മാതാപിതാക്കൾ കുടുംബശ്രീയിൽ നിന്ന് വായ്‌പയെടുത്തിരുന്നു. ഇത് തിരിച്ചടച്ചിരുന്നില്ല. കുടുംബശ്രീയിൽ നിന്നെടുത്ത വായ്‌പ തിരിച്ചടയ്ക്കാൻ വഴിയില്ലെന്നും ഭർത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നുമാണ് ഷൈനി ഫോണിൽ പറയുന്നത്.
ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. തന്റെ ആവശ്യത്തിന് എടുത്തതായിരുന്നുവെങ്കിൽ ആങ്ങളമാർ അടച്ചുതീർക്കുമായിരുന്നു. സ്വന്തം ആവശ്യത്തിന് എടുത്ത വായ്‌പ അല്ല. വിവാഹമോചനക്കേസിൽ തീരുമാനമായ ശേഷമേ നോബി പണം തരൂ. തന്റെ പേരിലെടുത്ത ഇൻഷുറൻസിന്റെ പ്രീമിയം പോലും നോബി അടയ്ക്കുന്നില്ലെന്നും ഷൈനി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
ഷൈനി ഇനി 1,26000 രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കുന്നത്. വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കുടുംബശ്രീ അംഗങ്ങൾ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് പ്രശ്‌നത്തിൽ മദ്ധ്യസ്ഥത വഹിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിൽ നിർണായകമായ ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയത്. ഷൈനിയുടെ വീട്ടിൽ നിന്നാണ് പൊലീസ് ഫോൺ കണ്ടെടുത്തത്. ഫോൺ ലോക്ക് ചെയ്ത നിലയിലായിരുന്നു. ഷൈനി മരിക്കുന്നതിന്റെ തലേദിവസം ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോൺ വിളിയിലെ ചില സംസാരങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് പ്രകോപനമായതെന്നാണ് നിഗമനം.
Source link