KERALAMLATEST NEWS

വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയത് ഒപ്പം താമസിച്ച സ്ത്രീയും കുടുംബവും

ആലപ്പുഴ: മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയത് ഒപ്പം താമസിച്ചിരുന്ന സ്ത്രീ ഉൾപ്പെടുന്ന നാലംഗ സംഘമാണെന്ന് പൊലീസ്. കവർച്ചയ്ക്കു പിന്നിൽ നാലു പുരുഷന്മാരാണെന്നായിരുന്നു ആക്രമണത്തിനിരയായ രാമങ്കരി അഞ്ചാം വാർഡ് വേലിക്കെട്ടിൽ കൃഷ്ണമ്മയുടെ (63) മൊഴി. ബോധം നഷ്ടപ്പെട്ടതിനാൽ എല്ലാവരും പുരുഷന്മാരാണെന്ന് തെറ്റിദ്ധാരണയുണ്ടായതാവാമെന്നാണ് നിഗമനം.

തിരുവനന്തപുരം ആറാലുമൂട് തുടിക്കോട്ടുകോണം മേലേപുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ ദീപ (കല), മക്കളായ അഖിൽ, അഖില, ബന്ധു രാജേഷ് എന്നിവരാണ് ആക്രമണവും മോഷണവും നടത്തിയത്. മണിക്കൂറുകൾക്കുള്ളിൽ മുഖ്യപ്രതി തിരുവനന്തപുരം ചാലിയോട് ചാനൽക്കര വീട്ടിൽ രാജേഷിനെ (36) കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ മാമ്പുഴക്കരിയിലെത്തിച്ച് തെളിവെടുത്തു. മറ്റുള്ളവർക്കായി അന്വേഷണം തുടരുന്നു. മൂന്നരപ്പവൻ സ്വർണം, 36,000 രൂപ, മൊബൈൽ ഫോൺ, ഓട്ടുരുളി, നിലവിളക്ക്, എ.ടി.എം കാർഡ് എന്നിവയാണ് കവർന്നത്.

പൊലീസ് പറയുന്നത്

ചൊവ്വാഴ്ച രാത്രി കൃഷ്ണമ്മയുടെ വീട്ടിൽ അഖില എത്തിയത് അവർ അറിഞ്ഞിരുന്നില്ല. ബുധനാഴ്ച പുലർച്ചെ രണ്ടോടെ തിരുവനന്തപുരത്തു നിന്ന് സ്കൂട്ടറിലെത്തിയ അഖിലിനും രാജേഷിനും ദീപ അടുക്കളവാതിൽ തുറന്നുകൊടുത്തു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കതകിന്റെ മുകൾവരിയിലെ കൊളുത്ത് ഇളക്കി. രാജേഷാണ് കൃഷ്ണമ്മയുടെ മുഖത്തടിച്ചത്. അഖിലും അഖിലയും ചേർന്ന് കൈകാലുകൾ കെട്ടിയിട്ടു. ദീപ അലമാരയിൽ നിന്ന് പണവും സ്വർണവും കവർന്നു. സംഭവശേഷം ദീപയെയും അഖിലയെയും അഖിൽ സ്കൂട്ടറിൽ ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിലെത്തിച്ചു. മടങ്ങിയെത്തി രാജേഷിനെയും കൂട്ടി സ്കൂട്ടറിൽ തിരുവനന്തപുരത്തേക്ക് പോയി.

രാജേഷിനെ കുടുക്കിയത് നാവുപിഴ

ബുധനാഴ്ച അതിരാവിലെ രാമങ്കരി സി.ഐ വി.ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ദീപയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി. ദീപയുടെ ഭിന്നശേഷിക്കാരനായ ഏഴുവയസുകാരൻ മകനും 78 വയസുള്ള അമ്മയുമാണ് ഇവിടെയുണ്ടായിരുന്നത്. ദീപയ്ക്ക് അപകടംപറ്റിയെന്നും വിശദാംശങ്ങളെടുക്കാനാണ് എത്തിയതെന്നുമാണ് പൊലീസ് നാട്ടുകാരോട് പറഞ്ഞത്. ഈസമയം അവിടെയെത്തിയ രാജേഷ് ‘അവൾ എവിടെയോ നിന്ന് പണവും സ്വർണവും മോഷ്ടിച്ചത് തിരക്കാൻ വന്നതാണ്” എന്നുപറഞ്ഞത് ശ്രദ്ധയിൽപ്പെട്ടു. മോഷണവിവരം പുറത്തറിയിക്കാതിരിക്കേ, കൃത്യമായി വിവരം പങ്കുവച്ചതാണ് രാജേഷിനെ കുടുക്കിയത്. സംഭവസമയം രാജേഷിന്റെ ഫോൺ മാമ്പുഴക്കരിയിലുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്.


Source link

Related Articles

Back to top button