‘പി.പി.ദിവ്യ എത്തിയത് ആസൂത്രിതമായി’; നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം∙ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യക്കു തിരിച്ചടിയായി ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പി.പി.ദിവ്യ ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിലേക്ക് പി.പി.ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. യോഗത്തിനു മുൻപായി ദിവ്യ കലക്ടറെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. യോഗത്തിലേക്കു വരേണ്ടതില്ലെന്നാണു കലക്ടർ ദിവ്യയോടു പറഞ്ഞിരുന്നത്. എന്നാൽ കലക്ടറുടെ അഭിപ്രായം മറികടന്നു യോഗത്തിൽ ദിവ്യ പങ്കെടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കണമെന്ന് ആലോചിച്ച് ഉറപ്പിച്ചാണ് ദിവ്യ യോഗത്തിലേക്ക് എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് ഇത് വിഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. വിഡിയോ ചിത്രീകരിച്ച കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴിയും ലാന്റ് റവന്യു ജോയിന്റ് കമ്മീഷണർ ശേഖരിച്ചിരുന്നു. യോഗത്തിനു ശേഷം വിഡിയോ എടുത്ത വ്യക്തിയുമായി ദിവ്യ സംസാരിക്കുകയും വിഡിയോ കൈപ്പറ്റുകയും ചെയ്തുവെന്നാണ് ഇവർ മൊഴി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പെട്രോൾ പമ്പിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ നിശിതമായ വിമർശനം യോഗത്തിൽ ദിവ്യ നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ദൃശ്യങ്ങളിൽനിന്നു നവീൻ ബാബുവിന് മാനസിക ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
Source link