LATEST NEWS

EXPLAINER എംഡിഎംഎ കഴിച്ചാൽ മരിക്കുമോ? ഹൃദയമിടിപ്പ് കൂടും, ശ്വാസം മുട്ടും! ലഹരി ജീവനെടുക്കുന്നത് ഇങ്ങനെ; വിദഗ്ധർ പറയുന്നു


കോട്ടയം∙ മാരക ലഹരിമരുന്നായ എംഡിഎംഎ കഴിച്ചാൽ മരണം സംഭവിക്കുമോ? ലഹരിക്കായി കഴിക്കുന്ന മറ്റു ലഹരി പദാർഥങ്ങളും ജീവൻ എടുക്കുമോ? പൊലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിച്ചിരുന്നു. ഇതോടെയാണ് ഇങ്ങനെ സംശയം ഉയർന്നത്. ഷാനിദ് എംഡിഎംഎയാണ് വിഴുങ്ങിയത്. സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെയാണ് ആരോഗ്യനില വഷളായി വെന്റിലേറ്ററിൽ കഴിയവേ ഷാനിദ് മരിച്ചത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഡോസ് അമിതമായാൽ മരണം സംഭവിക്കുമെന്ന് കോട്ടയം ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ.‌പി.വിനോദ് കുമാർ പറഞ്ഞു. ‘‘എംഡിഎംഎ കഴിക്കുമ്പോൾ ഹൃദയമിടിപ്പ് ഉയരും, ശ്വസനത്തെ ബാധിക്കും. ഇതു ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. ഡോസ് അധികമായാൽ മരണത്തിൽ എത്തും. എല്ലാ ലഹരി വസ്തുക്കളുടെയും ശരീരത്തിലെ പ്രവർത്തന രീതി ഇങ്ങനെയാണ്. രാസ വസ്തുവായ എംഡിഎംഎയുടെ പ്രവർത്തനം തീവ്രവും വേഗത്തിലുമാണ്. കഞ്ചാവ് പോലുള്ളവ കുറച്ചു കൂടി വൈകി ആയിരിക്കും.’’ – ഡോ. വിനോദ് പറഞ്ഞു. എംഡിഎംഎ കൂടുതൽ അപകടകാരിയാണെന്നു പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. മോഹൻ റോയ് പറഞ്ഞു. ‘‘എംഡിഎംഎയുടെ ഉപയോഗം ഹൃദയമിടിപ്പിന്റെ പ്രവർത്തനത്തെ ബാധിക്കാം. തലച്ചോറിനെ ബാധിക്കാം. ആന്തരിക രക്തസ്രാവം സംഭവിക്കുന്നു, ശ്വാസ തടസമുണ്ടാകുന്നു, തരികൾ കട്ടപിടിച്ചു രക്തപ്രവാഹം തടയുന്നു. ഇവയെല്ലാം മരണത്തിലേക്കു നയിക്കാം. ഉപയോഗിക്കുന്ന ആളുകൾ ക്ഷീണമാണ്, വെറുതെ ഉറക്കം വരുന്നു എന്നൊക്കെ പറയും. ശരിക്കും എംഡിഎംഎ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതല്ല. കാണാത്ത കാര്യങ്ങൾ കാണുക, കേൾക്കാത്ത കാര്യങ്ങൾ കേൾക്കുക ഇതൊക്കെയാണ്. എംഡിഎംഎ കഴിച്ചാൽ വിശപ്പ് കുറയും, നല്ല ഊർജം തോന്നും. പക്ഷേ എംഡിഎംഎ കഴിച്ച് ഉറങ്ങിപ്പോയെന്നു പറഞ്ഞാൽ അതു തെറ്റാണ്. പലപ്പോഴും എംഡിഎംഎ കഴിച്ച് പ്രശ്നമായി വരുന്നവരൊന്നും അതായിരിക്കില്ല കഴിക്കുന്നത്. വീര്യം കൂടിയ ഗുളികകളാകാം ഇവർക്ക് എംഡിഎംഎ എന്ന് പറഞ്ഞു കിട്ടുന്നത്’’ – ഡോ. മോഹൻ റോയ് പറഞ്ഞു.


Source link

Related Articles

Back to top button