KERALAMLATEST NEWS

ലഹരി വ്യാപനം തടയൽ ആക്ഷൻപ്ലാൻ വേണമെന്ന് വി.സിമാരോട് ഗവർണർ

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ലഹരി വ്യാപനം തടയാനുള്ള ആക്ഷൻപ്ലാനുണ്ടാക്കാൻ സർവകലാശാല വൈസ്ചാൻസലർമാരുടെ അടിയന്തരയോഗം വിളിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് രാജ്ഭവനിലാണ് യോഗം. പരിഹാരമാർഗ്ഗങ്ങളാണ് യോഗത്തിൽ വി.സിമാർ അവതരിപ്പിക്കേണ്ടത്.

ലഹരിവേട്ട ശക്തമാക്കാനും യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിയെത്തുന്ന വഴിയടയ്ക്കാനുമുള്ള പദ്ധതികൾ നടപ്പാക്കി റിപ്പോർട്ട് നൽകാൻ ഡി.ജി.പിയോടും ഗവർണർ നിർദ്ദേശിച്ചു. ലഹരിമാഫിയയ്ക്കെതിരായ പൊലീസ് നടപടികളെക്കുറിച്ച് ഡി.ജിപിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 23പേജുള്ള റിപ്പോർട്ട് ഫെബ്രുവരി അവസാനം ഡി.ജി.പി കൈമാറിയിരുന്നു. എന്നാൽ ശക്തമായ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടി ഗവർണറിത് തള്ളി. തുടർന്നാണ് ലഹരിയെത്താതിരിക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കി പുതിയ റിപ്പോർട്ട് നൽകാൻ ഡി.ജി.പിയെ ഫോണിൽ വിളിച്ച് ഗവർണർ ആവശ്യപ്പെട്ടത്.

ലഹരിക്കെതിരെ നിയമസഭയിൽ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും പൊലീസിന്റെ ഡി-ഹണ്ട് ഓപ്പറേഷൻ മാത്രമാണിപ്പോഴുള്ളത്. എക്സൈസ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം തുടങ്ങിയിട്ടില്ല. ലഹരിവിരുദ്ധ ഓപ്പറേഷനുകൾക്ക് പൊലീസ് വിചാരിച്ചാൽ മാത്രം പോരെന്നും സാമൂഹ്യ മുന്നേറ്റമുണ്ടാക്കണമെന്നുമാണ് ഗവർണർ വി.സിമാരെ അറിയിച്ചത്. ഇതിന്റെ നേതൃത്വം യൂണിവേഴ്സിറ്റികൾ ഏറ്റെടുക്കണം.

ലഹരിവിപത്ത് യുവാക്കളെ അറിയിക്കും

1. രാസലഹരിയുടെ വിപത്തുകളെക്കുറിച്ച് യുവാക്കളെയും വിദ്യാർത്ഥികളെയും ശാസ്ത്രീയമായി അറിയിക്കണമെന്ന് ഗവർണർ.

2.ആരോഗ്യസർവകലാശാലയിലെ ഒരുലക്ഷം വിദ്യാർത്ഥികളെ ഉപയോഗിച്ച് എല്ലാ സ്കൂളുകളിലും ശാസ്ത്രീയമായി അവബോധം നടത്തും.

3. ലഹരിയുപയോഗത്തിന്റെ ദൂഷ്യവശങ്ങൾ സ്കൂൾ, കോളേജ് സിലബസിൽ ഉൾപ്പെടുത്തും.

4. കുടുംബ ബന്ധത്തിലെ താളപ്പിഴകൾ കുട്ടികളിലുണ്ടാക്കുന്ന പ്രശ്നം രക്ഷിതാക്കളെ ധരിപ്പിക്കും.


Source link

Related Articles

Back to top button