INDIA

ട്രംപിന്റെ തീരുവക്കെണി; കേന്ദ്രസർക്കാർ വെട്ടിൽ


ന്യൂഡൽഹി∙ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ ഗണ്യമായി കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കുന്നു. 4 ദിവസത്തെ വ്യാപാരചർച്ചകൾക്കു ശേഷം വാണിജ്യമന്ത്രി പീയൂഷ് ഗോയലും സംഘവും യുഎസിൽനിന്ന് ഇന്ത്യയിലേക്കു യാത്രതിരിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ നിർണായക വെളിപ്പെടുത്തൽ.മോദി സർക്കാർ എന്തൊക്കെ വിഷയങ്ങളിലാണ് യുഎസിനോടു സമ്മതം മൂളിയതെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്തെത്തി. തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. കർഷകരുടെയും ഉൽപാദനരംഗത്തിന്റെയും താൽപര്യങ്ങളിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുകയാണോയെന്നും കോൺഗ്രസ് ചോദിച്ചു. നാളെ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ സഭയ്ക്കുള്ളിൽ ഇതെക്കുറിച്ചു പ്രതികരിക്കാൻ സർക്കാർ നിർബന്ധിതമായേക്കും.അമേരിക്കൻ താൽപര്യത്തിനു വേണ്ടി യുഎസ് അമിത സമ്മർദം ചെലുത്തുന്നതിനാൽ ഇന്ത്യ വ്യാപാരചർച്ചകളിൽനിന്നു പിൻവാങ്ങണമെന്നും ചൈനയും കാനഡയും തിരിച്ചടിക്കുന്നതു പോലെ പ്രതികരിക്കണമെന്നും ഇക്കണോമിക് ‘തിങ്ക് ടാങ്ക്’ ആയ ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ചൂണ്ടിക്കാട്ടി.


Source link

Related Articles

Back to top button