KERALAM

ഒരു തവണ മയക്കുമരുന്ന് കടത്തിയാൽ ആഷ്നയ്‌ക്ക് ലഭിച്ചിരുന്നത് നിസാര തുകയല്ല; ഒടുവിൽ അഴിക്കുള്ളിൽ

കൊച്ചി: ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നെടിയിരുപ്പ് സ്വദേശി ആഷിഖ് (27) ആണ് പിടിയിലായത്. ഒമാനിലെ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനാണ് ഇയാൾ.

വൈപ്പിൻ സ്വദേശിനി ആഷ്ന, മട്ടാഞ്ചേരി സ്വദേശി ഇസ്മയിൽ സേഠ് എന്നിവരാണ് ആഷിഖിൽ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലുമടക്കം കൊച്ചിയിലെത്തിച്ചിരുന്നത്. ഇവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആഷിഖ് നാട്ടിലെത്തിയതറിഞ്ഞതോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഒരു തവണ മയക്കുമരുന്ന് കടത്തിയാൽ ഒരു ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചിരുന്നെന്ന് ആഷ്ന അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, എറണാകുളത്തും പരിസരത്തും ലഹരിവിതരണ സംഘങ്ങൾക്കായി സിറ്റി പൊലീസ് നടത്തിയ തെരച്ചിലിൽ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിലായി. ഡൽഹി സ്വദേശി അലി ഹുസൈൻ (31), അസാം സ്വദേശി റാഹുൽ ഇസ്ലാം (31)എന്നിവരെ 1.618 ഗ്രാം കഞ്ചാവുമായി തൈക്കൂടത്ത് നിന്ന് ഡാൻസഫ് സംഘം കസ്റ്റഡിയിലെടുത്തു. എളംകുളം ഭാഗത്ത് 17 ഗ്രാം കഞ്ചാവുമായി വൈറ്റില അംബേലിപ്പാടം പ്രസാദത്തിൽ സുപ്രീതും (21) പിടിയിലായി. നാർക്കോട്ടിക്ക് സെൽ എ.സി.പി കെ.എ.അബ്ദുൽ സലാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.

കൂടാതെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നര കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സ്ത്രീകൾ കസ്റ്റംസിന്റെ പിടിയിലായി. തായ്‌ലന്റിലെ ബാങ്കോക്കിൽ നിന്നുമെത്തിയ മുംബയ് സ്വദേശിനികളായ സഫാ റാഷിദ്, ഷാസിയ അമർ ഹംസ എന്നിവരെയാണ് 1504 ഗ്രാം കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്.

സഫയുടെ കൈവശം 754 ഗ്രാമും ഷാസിയയുടെ കൈവശം 750 ഗ്രാമുമാണുണ്ടായിരുന്നത്. ഇവർ ബാഗേജിലൊളിപ്പിച്ച് കഞ്ചാവ് കൊണ്ടുവരുന്നതായി കസ്റ്റംസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. പ്രതികൾ കൊച്ചിയിൽ നിന്ന് മുംബയിലേക്ക് പോകാനെത്തിയവരാണോ കഞ്ചാവ് കൊച്ചിയിൽ കൈമാറുന്നതിനായി എത്തിയവരാണോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.


Source link

Related Articles

Back to top button