‘ചാംപ്യൻസ് ട്രോഫിക്കിടെ 5,000 കോടിയുടെ വാതുവയ്പ്പ്?; ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി കമ്പനി’ രംഗത്ത്’

ന്യൂഡൽഹി ∙ ദുബായിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിനു മുന്നോടിയായി 5,000 കോടി രൂപയുടെ വാതുവയ്പ്പ് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ ‘ഡി കമ്പനി’ ഉൾപ്പെടെ വാതുവയ്പ്പിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വാതുവയ്പ്പുകാരുടെ പ്രിയപ്പെട്ട ടീം ഇന്ത്യയാണെന്നും സൂചനകളുണ്ട്. ചാംപ്യൻസ് ട്രോഫിക്കിടെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം 5 വാതുവയ്പ്പുകാരെ അറസ്റ്റ് ചെയ്തിരുന്നു. സെമി ഫൈനലിൽ ഇവർ വാതുവയ്പ്പ് നടത്തിയെന്നും ഇവരെ ചോദ്യം ചെയ്തതോടെയാണ് വാതുവയ്പ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതെന്നുമാണ് പൊലീസ് പറയുന്നത്.ഇന്ത്യ-ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരത്തിൽ വാതുവയ്പ്പ് നടത്തിയതിനാണു പർവീൺ കൊച്ചാർ, സഞ്ജയ് കുമാർ എന്നീ 2 വാതുവയ്പ്പുകാരെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഉപയോഗിച്ച് വാതുവയ്പ്പ് നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വാതുവയ്പ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് ഇവരിൽനിന്നു പിടിച്ചെടുത്തിരുന്നു. ‘ലക്കി.കോം’ എന്ന വെബ്‌സൈറ്റ് കേന്ദ്രീകരിച്ചായിരുന്നു പ്രതികൾ വാതുവയ്പ്പ് നടത്തിയതെന്നാണ് വിവരം. ഈ സൈറ്റ് ഉപയോഗിച്ച് വാതുവയ്പ്പ് ഐഡികൾ സൃഷ്ടിച്ച ശേഷം ആവശ്യക്കാർക്ക് വിൽക്കുന്നതായിരുന്നു രീതി. ഓരോ ഇടപാടിനും 3 ശതമാനം കമ്മിഷനും പ്രതികൾ ഈടാക്കിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാതുവയ്പ്പുകാരുടെ ആവശ്യാനുസരണം ഓഫ്‌ലൈൻ വാതുവയ്പ്പിനും പ്രതികൾ അവസരം ഒരുക്കിയിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി വാതുവയ്പ്പ് നടത്തുന്നതിനായി പർവീൺ കൊച്ചാർ പ്രതിമാസം 35,000 രൂപ വാടക വരുന്ന ഒരു വീട് എടുത്തിരുന്നതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യലിൽ, ഈ ശൃംഖല മുഴുവൻ ദുബായിൽ നിന്നാണ് നിയന്ത്രിക്കുന്നതെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. പർവീണിനു പുറമെ ഛോട്ടു ബൻസാൽ, വിനയ് എന്നിവരും വാതുവയ്പ്പിന്റെ കണ്ണികളാണെന്നാണ് വിവരം. ഈ ശൃംഖലയിൽ ഉൾപ്പെട്ട ഡൽഹി സ്വദേശികളായ ബോബി, ഗോലു, നിതിൻ ജെയിൻ, ജിതു എന്നിവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Source link