ഹൈക്കോടതിയിൽ അസാധാരണ പ്രതിസന്ധി; ജഡ്ജി മാപ്പു പറയണമെന്ന് അഭിഭാഷകർ

കൊച്ചി ∙ ജഡ്ജി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ പ്രതിഷേധമുയർത്തിയതോടെ ഹൈക്കോടതിയിൽ അസാധാരണ പ്രതിസന്ധി. ജസ്റ്റിസ് എ. ബദറുദീനെതിരെയാണ് അഭിഭാഷകർ പ്രതിഷേധിക്കുന്നത്. ഇന്നലെ കോടതിയിൽ ഹാജരായ അഭിഭാഷകയെ അപമാനിക്കുന്ന വിധത്തിൽ ജസ്റ്റിസ് ബദറുദീൻ സംസാരിച്ചുവെന്നാണ് അഭിഭാഷകരുടെ ആക്ഷേപം. ഇന്ന് ഉച്ചകഴിഞ്ഞ് അഭിഭാഷക അസോസിയേഷൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും.ഈയിടെ അന്തരിച്ച ഹൈക്കോടതി അഭിഭാഷകന്റെ ഭാര്യ ഇന്നലെ ജസ്റ്റിസ് ബദറുദീന്റെ 1ഡി കോടതിയിൽ ഹാജരായ സമയത്തുണ്ടായ സംഭവവികാസങ്ങളെ ചൊല്ലിയാണ് പ്രതിഷേധം. ഭർത്താവിനന്റെ കേസുകൾ ഏറ്റെടുത്തിട്ടുണ്ടെന്നും അത് പരിഗണിക്കുന്നതിനു കൂടുതൽ സമയം നൽകണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. എന്നാൽ അഭിഭാഷകൻ അന്തരിച്ചുവെന്ന് പറഞ്ഞ കാര്യം പോലും ശ്രദ്ധിക്കാതെ കേസിൽ വാദം നടത്താൻ ജസ്റ്റിസ് ബദറുദീൻ നിർബന്ധിച്ചു എന്നാണ് അഭിഭാഷകർ പറയുന്നത്. അഭിഭാഷകയ്ക്ക് കോടതിയിൽ കരയേണ്ടി വന്ന സാഹചര്യമുണ്ടായി എന്നും ഇവർ പറയുന്നു.ഇതോടെയാണ് അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി ചേർന്ന് ജസ്റ്റിസ് ബദറുദീൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം ജഡ്ജിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഉണ്ടായ ബുദ്ധിമുട്ടിനു ചേംബറിൽ വച്ച് മാപ്പു പറയാമെന്ന് ജസ്റ്റിസ് ബദറുദീൻ അറിയിച്ചതായി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നാൽ സംഭവം ഉണ്ടായത് തുറന്ന കോടതിയിൽ ആയതിനാൽ അവിടെത്തന്നെ മാപ്പു പറയണം എന്നാണ് അസോസിയേഷന്റെ ആവശ്യം. അതുവരെ ജസ്റ്റിസ് ബദറുദീന്റെ കോടതിയിൽ ഹാജരാകില്ലെന്നും അസോസിയേഷൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ ഉച്ച കഴിഞ്ഞ് അസോസിയേഷൻ വീണ്ടും യോഗം ചേരും. വിഷയത്തിൽ ചീഫ് ജസ്റ്റിസും ഇടപെട്ടു.
Source link