കെഎസ്ആർടിസിക്ക് ദേശീയ പൊതു ബസ് ഗതാഗത മികവ് പുരസ്‌കാരം

ന്യൂഡൽഹി: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) ദേശീയ പൊതു ബസ് ഗതാഗത മികവ് പുരസ്‌കാരം. അസോസിയേഷൻ ഒഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ്സ് (എഎസ്‌ആർടിയു) ആണ് പുരസ്‌കാരം നൽകിയത്. ‘പൊതു ഗതാഗതത്തിന്റെ ആവശ്യകതയുടെ പഠനം’ എന്ന പദ്ധതിക്കും ഈ കാലയളവിൽ വിജയകരമായി നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുമായാണ് അംഗീകാരം. പ്രത്യേക ജൂറി അവാർഡ് നേടിയതോടൊപ്പം കെഎസ്ആർടിസിക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികവും ലഭിച്ചു.
ഇന്ന് ഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ ജാക്കറാൻഡ ഹാളിൽ നടന്ന ചടങ്ങിൽ പുതുച്ചേരി മുൻ ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദി ഐപിഎസ് പുരസ്‌കാരം കൈമാറി. കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പുരസ്‌കാരം ഏറ്റുവാങ്ങി. എഎസ്‌ആർടിയു വൈസ് ചെയർമാൻ ദ്വാരക തിരുമല റാവു, ഐപിഎസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ടി. സൂര്യകിരൺ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് അണ്ടർ ടേക്കിംഗുകളുടെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങൾ, സർവീസ് ഓപ്പറേഷൻ, അഡ്മിനിസ്ട്രേഷൻ, മെയിന്റനൻസ് മേഖലകളിൽ നടപ്പിലാക്കിയ ഗുണപരമായ പരിഷ്‌കാരങ്ങൾ, പൊതു ഗതാഗതത്തിലെ ആവശ്യകതയുടെ പഠനത്തിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ, നവീന ആശയങ്ങളിലൂടെ കെഎസ്ആർടിസിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനുള്ള പരിഷ്കാരങ്ങൾ തുടങ്ങിയവയാണ് അംഗീകാരത്തിന് അടിസ്ഥാനമായതെന്നാണ് വിലയിരുത്തൽ.
Source link