‘കൈക്കൂലി വാങ്ങിയതിന് തെളിവില്ല, നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രിത നീക്കം നടത്തി’

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. കളക്ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ അസൂത്രിത നീക്കം നടത്തിയതായി മൊഴികൾ. ചടങ്ങിന് മുമ്പ് ദിവ്യ നാല് തവണ കളക്ടറുടെ സ്റ്റാഫിനെ വിളിച്ചു.
പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികൾ നൽകിയ മൊഴി. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോൾ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
അതേസമയം, നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിജിലൻസ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് വിജിലൻസ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിനെതിരെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ കിട്ടിയിട്ടില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.
നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു നേരത്തെ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്ത് ഉയർത്തിയ വാദം. ഇത് വ്യാജ പരാതിയെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് വിജിലൻസിന്റെ മറുപടിയും. നവീൻ ബാബുവിനെതിരെ റവന്യു വകുപ്പിലും പരാതികളില്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഒരു പരാതിയും എ.ഡി.എമ്മിനെതിരെ കിട്ടിയിട്ടില്ലെന്ന് റവന്യു സെക്രട്ടറിയും കണ്ണൂർ കളക്ടറേറ്റും മറുപടി നൽകിയിരുന്നു.
Source link