പെൺകുട്ടികളെ കണ്ടെത്താൻ മുംബൈയിലെ ബാച്ച്മേറ്റ്സിനെ വിളിച്ച് എസ്പി; സാഹസിക യാത്ര, യുവാവിന് ക്രിമിനൽ പശ്ചാത്തലമില്ല

മലപ്പുറം ∙ താനൂരിൽ കാണാതായ പെൺകുട്ടികളുടേത് സാഹസിക യാത്രയെന്ന് എസ്പി ആർ.വിശ്വനാഥ്. ഒപ്പം പോയ യുവാവിന്റെ യാത്ര സഹായമെന്ന നിലയിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതിൽ വളരെയധികം സന്തോഷമുണ്ട്. കുട്ടികളെ കാണാതായ വിവരം പുറത്തു വന്നപ്പോൾ തന്നെ പൊലീസ് സജീവമായിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂർത്തീകരിക്കാനായത്. അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച മുംബൈ പൊലീസിനും ആർപിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും നന്ദി പറയുന്നു. പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഇനി പ്രചരിപ്പിക്കരുതെന്നും വിശ്വനാഥ് ആവശ്യപ്പെട്ടു. എന്തിനാണ് പെൺകുട്ടികൾ പോയതെന്ന് വിശദമായി ചോദിച്ച് അറിയേണ്ടതുണ്ട്. ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് കാണാതായ വിവരം ലഭിച്ചത്. കുട്ടികളുമായി നാളെ ഉച്ചയ്ക്ക് മുൻപ് പൊലീസ് സംഘം മലപ്പുറത്ത് എത്തും. കുട്ടികൾ വന്നിട്ട് ബാക്കി കാര്യങ്ങൾ വിശദമായി ചോദിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഒരു മഹാനഗരമാണ്. അവിടെ ഒരാളെ കാണാതായാൽ കണ്ടെത്തുക എളുപ്പമല്ല. കുട്ടികളെ സുരക്ഷിതമായി കണ്ടെത്താൻ മുംബൈയിലെ സ്വന്തം ബാച്ച്മേറ്റ്സിനെ ഒക്കെ വിളിച്ചു സഹായം തേടി. ഈ ദൗത്യം വിജയകരമായി പൂർത്തിയായത് മാധ്യമങ്ങളുടെയടക്കം മികച്ച ഇടപെടൽ കൊണ്ടാണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും കാര്യമായ കൗൺസലിങ് നൽകണം. കുട്ടികളുടെ യാത്രാ ലക്ഷ്യം അവരോട് ചോദിച്ചു മനസിലാക്കണം. അവരുടെ കൈയ്യിൽ എങ്ങനെ ഇത്ര പണം എന്നതും അന്വേഷിച്ചറിയണം. കുട്ടികൾ വന്നാൽ ആദ്യം കോടതിയിൽ ഹാജരാക്കും. യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്നു കണ്ടെത്തണം. യുവാവിനു നിലവിൽ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും എസ്‌പി പറഞ്ഞു.
Source link