ചില മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല, ഫാൻസിനെ കൂട്ടലാകരുത് ലക്ഷ്യം: സിപിഎം സംഘടനാ റിപ്പോർട്ട്

കൊല്ലം ∙ രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ വിമർശനം. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും മന്ത്രിമാർക്കു പ്രതിരോധിക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രണ്ടാം സർക്കാരിലും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.മന്ത്രി എന്ന നിലയിൽ മുഹമ്മദ് റിയാസിന്റേത് മികച്ച പ്രകടനമാണെന്നും മാധ്യമ വേട്ടയുടെ ഇരയാണ് അദ്ദേഹമെന്നും ദൈനംദിന രാഷ്ട്രീയ സംഭവങ്ങളിൽ സജീവമായത് കൊണ്ടാണ് റിയാസിനെ മാധ്യമങ്ങൾ ആക്രമിക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പാർട്ടി മുഖപത്രത്തിന്റെ റസിഡന്റ് എഡിറ്റർ ചുമതല വഹിക്കുന്ന എം. സ്വരാജ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അവെയ‌്‌ലബിൾ യോഗങ്ങളിൽ കൂടുതലായി പങ്കെടുക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പി. രാജീവ് നിയമസഭയ്ക്കകത്തും പുറത്തും പ്രതികരിച്ച് വ്യക്തത വരുത്തുന്ന മന്ത്രിയാണ്. വി.എൻ. വാസവൻ ശബരിമല തീർഥാടനം കുറ്റമറ്റതാക്കി. സജി ചെറിയാൻ കടലോരമേഖലയിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും സജി ചെറിയാന് നിർദേശമുണ്ട്.ബംഗാൾ പാഠമാകണമെന്നും തുടർ ഭരണത്തിന്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം. വീഴ്ചകൾ ഉണ്ടാകാതെ നോക്കണം. പാർട്ടി അധികാര കേന്ദ്രമെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകരുതെന്നും നിർദേശമുണ്ട്.
Source link