BUSINESS

പണഞെരുക്കത്തിൽ ബാങ്കുകൾ; കരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കും


കൊച്ചി ∙ ബാങ്കിങ് മേഖലയുടെ പണ ലഭ്യതയിൽ അനുഭവപ്പെടുന്ന കമ്മി ഏതാനും മാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് ആശങ്ക. ബാങ്കുകളുടെ ആവശ്യങ്ങൾക്കായി 1.87 ലക്ഷം കോടി രൂപ കൂടി ലഭ്യമാക്കുമെന്നു കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് (ആർബിഐ) അറിയിച്ചെങ്കിലും അതിന്റെ പ്രയോജനം താൽക്കാലികമായിരിക്കുമെന്നാണു ബാങ്കിങ് വ്യവസായവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം. ബാങ്കുകളുടെ കരുതൽ ധന അനുപാതത്തിൽ (സിആർആർ)  0.25 ശതമാനമെങ്കിലും കുറവു വരുത്തുക കൂടി ചെയ്‌താൽ പ്രശ്‌നത്തിനു പരിഹാരമാകുമെന്നും അവർ നിർദേശിക്കുന്നു.​നവംബറിൽ 1.35 ലക്ഷം കോടി രൂപയുടെ അധിക പണ ലഭ്യതയാണു ബാങ്കിങ് മേഖലയിലുണ്ടായിരുന്നത്. എന്നാൽ ഡിസംബറിൽ അനുഭവപ്പെട്ടത് 65,000 കോടിയുടെ കമ്മിയാണ്. ജനുവരിയിൽ കമ്മി 2.07 ലക്ഷം കോടിയായി. കഴിഞ്ഞ മാസം അവസാനത്തെ കണക്കു പ്രകാരം കമ്മി 1.59 ലക്ഷം കോടി രൂപയായിരുന്നു. ​ഇക്കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ചു കമ്മി 55,000 കോടി മാത്രമാണെങ്കിലും ആദായ നികുതിയുടെ മുൻകൂർ തവണ, ജിഎസ്‌ടി എന്നീ ആവശ്യങ്ങൾക്കായി ഈ മാസം വൻ തുക പിൻവലിക്കപ്പെടുമെന്നതിനാൽ കമ്മി ഭീമമായി വർധിക്കും. ഇതു പരിഗണിച്ചാണു 12 – 24 തീയതികൾക്കിടയിൽ 1.87 ലക്ഷം കോടി രൂപ ബാങ്കിങ് മേഖലയ്‌ക്കു ലഭ്യമാക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുള്ളത്. 


Source link

Related Articles

Back to top button