തൂക്കി വിൽപനയ്ക്ക് ലഹരി പാക്കറ്റുകൾ!; 4 കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ പിടിയിൽ

തൃശൂർ ∙ നെടുപുഴയിലെ വാടക വീട്ടിൽനിന്ന് 4 കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. ഇവ വിൽപനയ്ക്കായി തയാറാക്കുകയായിരുന്ന സഹോദരങ്ങളടക്കം 3 യുവാക്കളെയും ഇവരുടെ വാഹനങ്ങളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോയുടെ നിർദേശാനുസരണം നടപ്പാക്കിവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു നടപടി. നെടുപുഴ മാഷുപടി റോഡിൽ വാടക വീട്ടിൽ താമസിച്ചിരുന്ന അരിമ്പൂർ നാലാംകല്ലിൽ തേക്കിലക്കാടൻ വീട്ടിൽ അലൻ (19), സഹോദരൻ അരുൺ (25), അരണാട്ടുകര രേവതി മൂലയിൽ കണക്കപ്പടിക്കൽ ആഞ്ജനേയൻ (19) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.അലനും അരുണും എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപനയ്ക്ക് തയാറാക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ (വ്യാഴം) അർധരാത്രിയോടെ വീട് വളഞ്ഞ പൊലീസ് വാതിൽ തുറന്നയുടൻ കണ്ടാലറിയുന്ന രണ്ടുപേർ പൊലീസിനെ തള്ളിമാറ്റി ഓടി മറഞ്ഞു. പൊലീസ് വീടിനുള്ളിൽ കടന്നപ്പോൾ അലനും അരുണും ആഞ്ജനേയനും ലഹരി ഉപയോഗിച്ചുകൊണ്ട് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിൽപനയ്ക്കായി ചെറിയ പാക്കറ്റുകളിൽ നിറയ്ക്കുകയായിരുന്നു. ഇവരെ സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഓടിയൊളിച്ച മറ്റ് രണ്ടുപേർക്കു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പിടിയിലായവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്കായുള്ള തിരച്ചിലും നടത്തി വരികയാണ്. തൃശൂർ എസിപി എൻ. സലീഷ് ശങ്കരന്റെ നേതൃത്വത്തിൽ നെടുപുഴ ഇൻസ്പെക്ടർ ഷജകുമാർ, എസ്ഐമാരായ കെ.ആർ. ശാന്താറാം, എൻ.പി.സന്തോഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Source link