ഫ്യൂച്ചർ ജനറാലിയുടെ ആദ്യ വനിത ശാഖ ‘ശക്തി’ കൊച്ചിയിൽ തുടങ്ങി

കൊച്ചി ∙ ഇൻഷുറൻസ് സേവന ദാതാക്കളായ ഫ്യൂച്ചർ ജനറാലി ഇന്ത്യയിലെ ആദ്യ വനിതാ ശാഖ കൊച്ചിയിൽ തുറന്നു. ‘ശക്തി’ എന്ന പേരിട്ട ശാഖയിലെ 12 ജീവനക്കാരും വനിതകളാണ്. എംജി റോഡിലെ പുളിക്കൽ എസ്റ്റേറ്റിന്റെ അഞ്ചാം നിലയിൽ ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസിന്റെ എംഡിയും സിഇഒയുമായ അനൂപ് റാവു നിർവഹിച്ചു. ഭാവിയിൽ ഇത്തരം കൂടുതൽ ശാഖകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സാമ്പത്തിക സേവന മേഖലയിൽ സ്ത്രീകൾ ആത്മവിശ്വാസത്തോടെ നേതൃത്വം നൽകുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന അന്തരീക്ഷം വളർത്തിയെടുക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണു സമ്പൂർണ വനിതാ ശാഖ ആരംഭിച്ചത്. 5 വർഷത്തിനുള്ളിൽ ഇരട്ടി വരുമാനമാണു ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഇപ്പോഴും ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം വരുന്നതു നല്ലതാണ്. എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ള ഇൻഷുറൻസ് പോളിസികൾ ഫ്യൂച്ചർ ജനറാലിയ്ക്കുണ്ട്. സ്ത്രീകളുടെ മാത്രമായ പ്രത്യേകതകൾക്ക് ഇണങ്ങുന്ന വിധത്തിലുള്ള ‘ഹെൽത്ത് പവർ’ എന്ന സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പ്ലാനും പുറത്തിറക്കിയിരുന്നു. ഉപയോക്താക്കളുടെ സവിശേഷതകൾക്കു യോജിക്കും വിധത്തിൽ കസ്റ്റമൈസ് ചെയ്ത ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ‘ഡു ഇറ്റ് യുവർസെൽഫ്’ (ഡിഐയു) ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Source link